06/09/2026
[fontresizer_tawhidurrahmandear_widget]

വെള്ളരി കൃഷിക്കായി സ്വന്തം വകുപ്പിൽ നിന്ന് പോക്കറ്റിലാക്കിയത് ഒരുകോടിയുടെ സബ്സിഡി; കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രിക്കെതിരെ ​ഗുരുതര ആരോപണം

 വെള്ളരി കൃഷിക്കായി സ്വന്തം വകുപ്പിൽ നിന്ന് പോക്കറ്റിലാക്കിയത് ഒരുകോടിയുടെ സബ്സിഡി; കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രിക്കെതിരെ ​ഗുരുതര ആരോപണം

ഭഗീരത് ചൗധരി

ന്യൂഡൽഹി: കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി തന്റെ വ്യക്തിപരമായ കൃഷി ആവശ്യത്തിനായി സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിയിൽ നിന്ന് ഒരു കോടിയോളം രൂപ സബ്‌സിഡി കൈപ്പറ്റിയതായി റിപ്പോർട്ട്. രാജസ്ഥാനിലെ തന്റെ ഫാം ഹൗസിൽ വെള്ളരി കൃഷി ചെയ്യുന്നതിനായി നാഷണൽ ഹോർട്ടികൾച്ചർ ബോർഡിൽ (എൻ.എച്ച്.ബി.) നിന്ന് മന്ത്രി 99.6 ലക്ഷം രൂപ സബ്‌സിഡി ഇനത്തിൽ നേടിയെന്ന് ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. മന്ത്രി തന്നെ വൈസ് പ്രസിഡന്റായ ബോർഡിന് കീഴിലുള്ള പദ്ധതിയിൽ നിന്ന് ഇത്രയും വലിയ തുക സബ്‌സിഡി വാങ്ങിയതാണ് ഇപ്പോൾ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

രാജസ്ഥാനിലെ ദീദ്‌വാന-കുച്ചമാൻ ജില്ലയിലെ പീഹ് ഗ്രാമത്തിലുള്ള ഫാം ഹൗസിലാണ് മന്ത്രിയുടെ കൃഷി. 16,592 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നാല് വലിയ പോളിഹൗസുകൾ നിർമ്മിച്ചാണ് വെള്ളരി കൃഷി ചെയ്യുന്നത്. മൊത്തം 1.99 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്കായി മന്ത്രി എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്ന് 1.49 കോടി രൂപ വായ്പ എടുത്തിരുന്നു. ഈ വായ്പയിലേക്കാണ് സബ്‌സിഡി തുക അനുവദിച്ചത്. ഈ സബ്‌സിഡി വിതരണത്തിൽ ഗുരുതരമായ നടപടിക്രമ ലംഘനം നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

ലാഭകരമായ വാണിജ്യ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ 2014-15 കാലയളവിൽ ആരംഭിച്ച ‘മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചർ’ (എം.ഐ.ഡി.എച്ച്.) എന്ന പദ്ധതിക്ക് കീഴിലാണ് പച്ചക്കറികളുടെയും പൂക്കളുടെയും കൃഷിക്ക് ധനസഹായം നൽകുന്നത്. ഭഗീരത് ചൗധരിയുടെ മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ എൻ.എച്ച്.ബി. ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.

2025 ഏപ്രിൽ 15-ന് സമർപ്പിച്ച അപേക്ഷയ്ക്ക് വെറും 14 ദിവസത്തിനുള്ളിൽ ബോർഡ് പ്രാഥമിക അനുമതി നൽകി. സാധാരണഗതിയിൽ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും കൃഷിയിടത്തിൽ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷം മാത്രം നൽകേണ്ട അനുമതി ഇത്ര വേഗത്തിൽ നൽകിയത് അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ, പദ്ധതി പൂർത്തിയാക്കി മൂന്ന് മാസത്തിന് ശേഷം മാത്രമേ സബ്‌സിഡി തുക കൈമാറാവൂ എന്ന നിബന്ധന നിലനിൽക്കെ, 2026 മാർച്ച് 11-ന് അന്തിമ അനുമതി ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 99.03 ലക്ഷം രൂപ മന്ത്രിയുടെ വായ്പാ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെട്ടു.

2025 മാർച്ചിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച സ്വത്തുവിവര പട്ടികയിൽ ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രി ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷം ബോർഡ് അംഗീകരിച്ച 467 പദ്ധതികളിൽ 50 ലക്ഷം രൂപയ്ക്ക് മുകളിൽ സബ്‌സിഡി ലഭിച്ച 60 പേരിൽ ഒരാളാണ് ഭഗീരത് ചൗധരി. സാധാരണ കർഷകർക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കാൻ കടമ്പകൾ ഏറെയുള്ളപ്പോഴാണ് മന്ത്രിക്ക് സ്വന്തം വകുപ്പിൽ നിന്ന് തന്നെ അതിവേഗത്തിൽ പണം ലഭിച്ചത്. വിഷയത്തിൽ മന്ത്രി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read: