കഞ്ചാവും എം.ഡി.എം.എയും കൂട്ടിയിട്ട് കത്തിച്ച് പോലീസ്; ഓപ്പറേഷൻ തൂഫാനിൽ പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ചു
പത്തനംതിട്ട: ജില്ലയിൽ ‘ഓപ്പറേഷൻ തൂഫാൻ്റെ’ ഭാഗമായി പോലീസ് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കത്തിച്ചു നശിപ്പിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിൽ വെച്ചാണ് 26 കിലോ കഞ്ചാവും 10 ഗ്രാം എം.ഡി.എം.എയും ഉദ്യോഗസ്ഥർ തീയിട്ട് നശിപ്പിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പത്തനംതിട്ടയിൽ ലഹരിമാഫിയക്കെതിരെ ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ വ്യാപക പരിശോധനകൾ നടപ്പിലാക്കിയത്.
ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ പ്രത്യേക തീരുമാനപ്രകാരമാണ് വിവിധ കേസുകളിൽ നിന്നായി പിടിച്ചെടുത്ത ഈ ലഹരിവസ്തുക്കൾ നശിപ്പിച്ചതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. മയക്കുമരുന്ന് പിടികൂടുന്ന മുഴുവൻ കേസുകളിലും, പ്രതികൾക്ക് എവിടെ നിന്നാണ് ഇവ ലഭ്യമാകുന്നത് എന്ന് കണ്ടെത്താനുള്ള ഊർജ്ജിതമായ തുടരന്വേഷണം പോലീസ് നടത്തിവരികയാണ്. ഇതിനോടകം തന്നെ ഇത്തരം ചില ഉറവിടങ്ങൾ കണ്ടെത്താനും അവർക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനും പോലീസിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ലഹരിവസ്തുക്കൾ പിടികൂടിയ എസ്.എച്ച്.ഒമാരും ഇവ നശിപ്പിക്കുന്ന സമയത്ത് ക്യാമ്പിൽ സന്നിഹിതരായിരുന്നു.