സ്പോഞ്ച് എത്ര ദിവസം ഉപയോഗിക്കാം? സ്റ്റീൽ വൂൾ സുരക്ഷിതമാണോ? അറിയാതെ പോകുന്ന ഈ തെറ്റുകൾ ഒഴിവാക്കാം
അടുക്കളയിൽ ദിവസവും ഒന്നിലധികം തവണ കൈകാര്യം ചെയ്യുന്ന പാത്രം കഴുകുന്ന സ്പോഞ്ചും സ്‌റ്റീൽ സ്ക്രബ്ബറും കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് മുന്നറിയിപ്പ്. നനവുള്ള നിലയിൽ ഇവ സിങ്കിലോ അടഞ്ഞ പാത്രങ്ങളിലോ സൂക്ഷിക്കുന്നത് ബാക്‌ടീരിയയും പൂപ്പലും വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കും.
അതിനാൽ, സ്പോഞ്ച് ഉപയോഗിച്ച ഉടൻ തന്നെ നന്നായി കഴുകി സോപ്പിൻ്റെ അവശിഷ്‌ടങ്ങളും ഭക്ഷണകണങ്ങളും നീക്കം ചെയ്യണം. തുടർന്ന് വെള്ളം നന്നായി പിഴിഞ്ഞ് വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണങ്ങാൻ വയ്ക്കേണ്ടത് അത്യാവശ്യമാണ്. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ചൂടുവെള്ളത്തിലും ഡിഷ് വാഷ് ലിക്വിഡിലും ഇവ കഴുകുകയോ അണുനാശിനി ലായനിയിൽ മുക്കിവച്ച് ഉണക്കുകയോ ചെയ്യുന്നത് ശുചിത്വം ഉറപ്പാക്കാൻ സഹായിക്കും.
സാധാരണ വീട്ടുപയോഗത്തിൽ ഒരു സ്പോഞ്ച് രണ്ടാഴ്‌ച മുതൽ പരമാവധി നാല് ആഴ്ച്‌ച വരെ മാത്രമാണ് ഉപയോഗിക്കാൻ പാടുള്ളൂ. ദിവസേന കൂടുതൽ പാത്രങ്ങൾ കഴുകുന്ന വീടുകളിൽ രണ്ടാഴ്‌ച കൂടുമ്പോൾ സ്പോഞ്ച് മാറ്റുന്നതാണ് കൂടുതൽ സുരക്ഷിതം. അതിനിടയിൽ ദുർഗന്ധം അനുഭവപ്പെടുകയോ, നിറം മാറുകയോ, സ്പോഞ്ച് പൊട്ടിപ്പോകാൻ തുടങ്ങുകയോ ചെയ്താൽ അത് ഉടൻ തന്നെ മാറ്റി പുതിയത് ഉപയോഗിക്കണമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.