22/07/2026
[fontresizer_tawhidurrahmandear_widget]

ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തു; കുഞ്ഞു മിയയുടെ ചികിത്സയ്ക്കായി 16.5 കോടി സമാഹരിച്ചു

 ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തു; കുഞ്ഞു മിയയുടെ ചികിത്സയ്ക്കായി 16.5 കോടി സമാഹരിച്ചു

കൊച്ചി: സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ടൈപ് 1 ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുഞ്ഞ് മിയ മരിയയ്ക്കായുള്ള ധനസമാഹരണ കാമ്പയിൻ ലക്ഷ്യം കണ്ടു. ലോകമെമ്പാടുമുള്ള കാരുണ്യമനസുകളുടെ കൂട്ടായ്മയിലൂടെ മിയയുടെ ചികിത്സയ്ക്ക് ആവശ്യമായ 16.5 കോടി രൂപയും സമാഹരിച്ചതായി ‘സേവ് ബേബി മിയ’ കാമ്പയിൻ ഭാരവാഹികൾ അറിയിച്ചു. തൃശൂർ ആളൂർ സ്വദേശികളായ ജോഷി-നിമ്മി ദമ്പതികളുടെ മകളാണ് മിയ മരിയ.

ചികിത്സാ സഹായത്തിനായി രൂപീകരിച്ച ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. ആവശ്യമായ തുക സമാഹരിച്ച പശ്ചാത്തലത്തിൽ, ഇനിയാരും അക്കൗണ്ടിലേക്ക് പണമയക്കരുതെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

തങ്ങളെ സഹായിച്ച എല്ലാവർക്കും മിയയുടെ കുടുംബം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. സംഭാവനകളും പ്രാർഥനകളും പ്രോത്സാഹനങ്ങളുമാണ് ഈ ദൗത്യം വിജയകരമാക്കാൻ സഹായിച്ചതെന്നും, ഒരുമിച്ച് നിന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് നാട് തെളിയിച്ചതായും അവർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കുന്ന കുഞ്ഞിന്റെ പൂർണമായ സുഖപ്രാപ്തിക്കായി തുടർന്നും പ്രാർത്ഥനകൾ ഉണ്ടാകണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.

പതിനായിരത്തിൽ ഒരു കുഞ്ഞിന് എന്ന അനുപാതത്തിൽ കണ്ടുവരുന്ന അപൂർവ ജനിതക വൈകല്യമാണ് സ്പൈനൽ മസ്‌കുലർ അട്രോഫി. നാഡീകോശങ്ങളുടെ തകരാർ മൂലം പേശികൾക്ക് ബലക്ഷയം സംഭവിച്ച് ചലനശേഷി നഷ്ടപ്പെടുന്ന ഈ രോഗാവസ്ഥയ്ക്ക് ജീൻ തെറാപ്പി മാത്രമാണ് ഏക പരിഹാരം. പുതിയ പ്രതീക്ഷകളോടെ മിയ ഇനി ജീവൻരക്ഷാ ചികിത്സയിലേക്ക് കടക്കും.

Also read: