22/07/2026
[fontresizer_tawhidurrahmandear_widget]

കൊച്ചിയിലും കോഴിക്കോടും ‘കോറോ ഹെൽത്ത്’ മെഡി. കോഡിങ് കമ്പനിയിൽ കൂട്ടപ്പിരിച്ചുവിടൽ; 700 പേർക്ക് ജോലി പോയി

 കൊച്ചിയിലും കോഴിക്കോടും ‘കോറോ ഹെൽത്ത്’ മെഡി. കോഡിങ് കമ്പനിയിൽ കൂട്ടപ്പിരിച്ചുവിടൽ; 700 പേർക്ക് ജോലി പോയി

കൊച്ചി/കോഴിക്കോട്: പ്രമുഖ മെഡിക്കൽ കോഡിങ് കമ്പനിയായ ‘കോറോ ഹെൽത്ത്’ കൊച്ചി, കോഴിക്കോട് ബ്രാഞ്ചുകളിൽ നിന്ന് മുന്നറിയിപ്പില്ലാതെ 700-ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. രാവിലെ ടാർഗറ്റ് പൂർത്തിയാക്കാൻ ജോലിയിൽ മുഴുകിയിരുന്ന ജീവനക്കാരെ മൈക്ക് അനൗൺസ്‌മെന്റിലൂടെയാണ് പിരിച്ചുവിട്ട വിവരം അറിയിച്ചത്. തുടർന്ന് എച്ച്.ആർ വിഭാഗം നോട്ടീസ് നൽകി ഇവരെ ഉടൻ തന്നെ ഓഫീസിൽ നിന്ന് പുറത്താക്കുകയായിരുന്നു.

തൊഴിൽ കരാറിലെ നോട്ടീസ് കാലയളവ് പോലും പാലിക്കാതെയാണ് മാനേജ്മെന്റിന്റെ ഈ നടപടി. കമ്പനി ലാഭത്തിലല്ലെന്ന ന്യായീകരണമാണ് മാനേജ്മെന്റ് നൽകുന്നത്. എന്നാൽ, ഉത്തർപ്രദേശിലും ഹൈദരാബാദിലും പുതിയ റിക്രൂട്ട്മെന്റുകൾ നടക്കുമ്പോൾ കേരളത്തിലെ ജീവനക്കാരെ മാത്രം ഒഴിവാക്കുന്നത് വിവേചനമാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. കമ്പനിയുടെ ഔദ്യോഗിക സീൽ പോലുമില്ലാത്ത കടലാസിലാണ് പലർക്കും പിരിച്ചുവിടൽ ഉത്തരവ് നൽകിയത്. ഇതിനെതിരെ ചോദ്യം ചെയ്തവരെ നേരിടാൻ സുരക്ഷാ ജീവനക്കാരെന്ന പേരിൽ ഗുണ്ടാസംഘത്തെ നിയോഗിച്ചതായും ആരോപണമുണ്ട്.

തങ്ങളെ ജോലിയിൽ തിരിച്ചെടുക്കണമെന്നാണ് ജീവനക്കാരുടെ പ്രാഥമിക ആവശ്യം. അല്ലാത്തപക്ഷം, പെട്ടെന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മതിയായ നഷ്ടപരിഹാരം നൽകാൻ കമ്പനി തയ്യാറാകണം. വിവിധ സാമ്പത്തിക ബാധ്യതകളുള്ള ജീവനക്കാർ ഈ നടപടിയോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. നീതി ലഭിക്കും വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം.

Also read: