‘5 വര്‍ഷമായിട്ടും എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞോ നിങ്ങള്‍ക്ക്?’; ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം ജാമ്യഹരജിയില്‍ ഡല്‍ഹി പൊലീസിനോട് സുപ്രിംകോടതി
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ തുടങ്ങിയവരുടെ ജാമ്യഹരജിയില്‍ ഡല്‍ഹി പൊലീസിനോട് കടുപ്പിച്ച് സുപ്രിംകോടതി. പൊലീസിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു, ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ച ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. അഞ്ചു വര്‍ഷമായി പ്രതികള്‍ വിചാരണയില്ലാതെ ജയിലില്‍ കഴിയുകയാണെന്നും, എന്തെങ്കിലും കണ്ടെത്തി കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ഇക്കാലയളവിനിടയില്‍ ആകാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എന്‍.വി അഞ്ജാരിയ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.
‘അത്യാവശ്യം സമയം തന്നിട്ടുണ്ട്. അവസാനമായി തുറന്ന കോടതിയില്‍ നോട്ടീസ് നല്‍കിയപ്പോള്‍ തന്നെ കേസില്‍ ഒക്ടോബര്‍ 27ന് വാദം കേള്‍ക്കുമെന്നു പറഞ്ഞതാണ്.’-ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇത് ജാമ്യാപേക്ഷയാണ്. ഇതില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട കാര്യം എന്താണെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ ചോദിച്ചു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചോളൂ. പക്ഷേ, രണ്ട് ആഴ്ചയൊന്നും നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ വാദം കേള്‍ക്കല്‍ വെള്ളിയാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്. ഉമര്‍ ഖാലിദിനും ഇമാമിനും ഗുല്‍ഫിഷയ്ക്കും പുറമെ മീരാന്‍ ഹൈദര്‍, ഷിഫാഉര്‍റഹ്മാന്‍ ഉള്‍പ്പെടെയുള്ളവരാണ് ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചന ആരോപിക്കപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്. ഇവര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്‌വി എന്നിവരാണ് കോടതിയില്‍ ഹാജരായത്. അഞ്ചു വര്‍ഷത്തോളമായി ഹരജിക്കാര്‍ തടവില്‍ കഴിയുകയാണെന്നും കേസില്‍ വിചാരണ ഇനിയും നീട്ടിക്കൂടായെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.