22/07/2026
[fontresizer_tawhidurrahmandear_widget]

മദ്യലഹരിയിൽ ആടിക്കുഴഞ്ഞ് പോലീസ് ജീപ്പ്; വിടാതെ പിന്തുടർന്ന് തടഞ്ഞുനിർത്തി വനിതാ ഓട്ടോ ഡ്രൈവർ

 മദ്യലഹരിയിൽ ആടിക്കുഴഞ്ഞ് പോലീസ് ജീപ്പ്; വിടാതെ പിന്തുടർന്ന് തടഞ്ഞുനിർത്തി വനിതാ ഓട്ടോ ഡ്രൈവർ

പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട പോലീസുകാർ സഞ്ചരിച്ച ഔദ്യോഗിക ജീപ്പ് സാഹസികമായി തടഞ്ഞുനിർത്തി വൻ അപകടം ഒഴിവാക്കി വനിതാ ഓട്ടോ ഡ്രൈവർ. മൈലപ്ര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ശോഭ സന്തോഷാണ് (50) ജീപ്പിന് മുന്നിൽ സ്വന്തം വാഹനം കുറുകെയിട്ട് പോലീസുകാരെ പിടികൂടിയത്. സംഭവത്തെത്തുടർന്ന് ഡാൻസാഫ് സംഘത്തിലെ മൂന്ന് സിപിഒമാരെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് ആറോടെ മൈലപ്രയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പാണ് നിയന്ത്രണംവിട്ട് റോഡിൽ പാഞ്ഞത്. മറ്റ് വാഹനങ്ങൾക്ക് നേരെയും അപകടകരമായ രീതിയിലുമായിരുന്നു ഇതിന്റെ യാത്ര. ഓട്ടോയിൽ യാത്രക്കാരുമായി പോവുകയായിരുന്ന ശോഭ ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജീപ്പിനെ പിന്തുടരുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ഹോട്ടലിന് മുന്നിൽവെച്ച്, എതിരെ ബസ് വരുന്നത് പോലും വകവെക്കാതെ ശോഭ തന്റെ ഓട്ടോ ജീപ്പിന് മുന്നിൽ കയറ്റി നിർത്തിക്കുകയായിരുന്നു.

പരിഭ്രാന്തരായ നാട്ടുകാർ ചേർന്ന് ജീപ്പിന്റെ താക്കോൽ ഊരിയെടുത്തു. ജീപ്പ് ഒടുവിൽ നിർത്തിയപ്പോഴാണ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥർ ബാഗ് കൊണ്ട് മുഖംമറച്ച് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. നിയമപാലകർ തന്നെ ഇങ്ങനെ കാണിച്ചതിൽ വിഷമമുണ്ടെന്ന് ശോഭ പ്രതികരിച്ചു.

സംഭവത്തിന് പിന്നാലെ പത്തനംതിട്ട ഡിവൈഎസ്പിയുടെ ഡാൻസാഫ് സംഘത്തിലെ സിപിഒമാരായ പ്രിയേഷ് എം.കുറുപ്പ്, സുമൻ, രാഹുൽ എന്നിവരെ ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മണ്ണാറക്കുളഞ്ഞി മോടിയിൽ വീട്ടിൽ ശോഭ സന്തോഷിന്റെ മനോധൈര്യമാണ് വലിയൊരു അപകടം ഒഴിവാക്കിയത്. വിദേശത്തുള്ള സന്തോഷ് കുമാറാണ് ശോഭയുടെ ഭർത്താവ്. അക്ഷയ്, ആദിത്യൻ എന്നിവരാണ് മക്കൾ.

Also read: