‘ഇനി പശുവിനെ അറുക്കില്ല’; യു.പിയിൽ ഇറച്ചിക്കച്ചവടക്കാരായ 47 പേരെക്കൊണ്ട് പ്ലക്കാർഡ് പിടിപ്പിച്ച് പ്രതിജ്ഞയെടുപ്പിച്ച് പോലീസ്
സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിൽ ഇറച്ചിക്കച്ചവടവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 47 പേരെക്കൊണ്ട് പോലീസ് പ്ലക്കാർഡ് പിടിപ്പിച്ച് പ്രതിജ്ഞയെടുപ്പിച്ചു. സഹാറൻപൂരിലെ ചിലകാന പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. ഭാവിയിൽ ഇനി ഒരിക്കലും ഗോവധം നടത്തില്ല എന്ന് വ്യക്തമാക്കുന്ന പ്ലക്കാർഡുകൾ നൽകി ഇവരെ വരിവരിയായി നിർത്തുകയായിരുന്നു.
“ചിലകാന നിവാസിയായ, ഇന്നയാളുടെ മകനായ ഞാൻ, ഇനി ഒരിക്കലും ഗോവധത്തിൽ ഏർപ്പെടില്ല എന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു” എന്നാണ് ഓരോരുത്തർക്കും നൽകിയ പ്ലക്കാർഡുകളിൽ രേഖപ്പെടുത്തിയിരുന്നത്. കൂടാതെ, ഈ പ്രതിജ്ഞാവാചകങ്ങൾ ക്യാമറയ്ക്ക് മുന്നിൽ ഉറക്കെ വായിക്കാനും പോലീസ് ഇവരോട് നിർദ്ദേശിച്ചിരുന്നു. ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഈ പ്രതിജ്ഞയെടുക്കൽ നടപടികൾ മുഴുവനായും വീഡിയോയിൽ പകർത്തിയിട്ടുമുണ്ട്.
ഭാവിയിൽ ഗോവധം, കന്നുകാലി കടത്ത് അല്ലെങ്കിൽ മറ്റ് ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഇവർ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ യാതൊരു ദാക്ഷിണ്യവുമില്ലാതെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കൂടാതെ തങ്ങളുടെ പ്രദേശത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകി പോലീസിനെ സഹായിക്കാനും ഉദ്യോഗസ്ഥർ ഇവരോട് ആവശ്യപ്പെട്ടു.