27/03/2026
[fontresizer_tawhidurrahmandear_widget]

റാഫേലിൽ പറന്ന് ചരിത്രം കുറിച്ച് ദ്രൗപദി മുർമു; ആദ്യ വനിതാ രാഷ്ട്രപതി

 റാഫേലിൽ പറന്ന് ചരിത്രം കുറിച്ച് ദ്രൗപദി മുർമു; ആദ്യ വനിതാ രാഷ്ട്രപതി

ചണ്ഡിഗഢ്: ഇന്ത്യൻ സായുധ സേനകളുടെ സുപ്രീം കമാൻഡര്‍ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമു റാഫേൽ യുദ്ധവിമാനത്തിൽ പറന്ന് ചരിത്രമെഴുതി. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതി റാഫേലിൽ പറന്നുയർന്നത്. റാഫേൽ യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്ന ആദ്യ വനിതാ ഇന്ത്യൻ രാഷ്ട്രപതി എന്ന ബഹുമതി ഇതോടെ ദ്രൗപദി മുർമുവിന് സ്വന്തമായി.

വിമാനയാത്രയ്ക്ക് മുന്നോടിയായി വ്യോമതാവളത്തിൽ രാഷ്ട്രപതിക്ക് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. 2023 ഏപ്രിലിൽ അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് സുഖോയ്-30 എംകെഐ വിമാനത്തിൽ പറന്നതിന് ശേഷം ഏകദേശം രണ്ട് വർഷങ്ങൾക്കിപ്പുറമാണ് രാഷ്ട്രപതി വീണ്ടും യുദ്ധവിമാന യാത്രയ്ക്ക് സജ്ജയായത്.

റാഫേലിൽ പറന്ന ആദ്യത്തെ വനിതാ രാഷ്ട്രപതിയാണെങ്കിലും, യുദ്ധവിമാന യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രത്തലവനുമാണ് ദ്രൗപദി മുർമു. മുൻ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുല്‍ കലാം (2006), പ്രതിഭാ പാട്ടീൽ (2009) എന്നിവരും ഇതിനുമുമ്പ് സുഖോയ്-30 എംകെഐ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്.

ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷൻ നിർമ്മിച്ച റാഫേൽ യുദ്ധവിമാനം 2020 സെപ്റ്റംബറിലാണ് അംബാല വ്യോമതാവളത്തിൽ വെച്ച് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ‘ഗോൾഡൻ ആരോസ്’ എന്നറിയപ്പെടുന്ന 17-ാമത് സ്ക്വാഡ്രണിലാണ് റാഫേൽ ജെറ്റുകൾ ഉൾപ്പെടുത്തിയത്.

ചേർന്നതിനുശേഷം നിരവധി നിർണായക സൈനിക ഓപറേഷനുകളിൽ റാഫേൽ വിമാനങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മെയ് 7-ന് ആരംഭിച്ച ‘ഓപറേഷൻ സിന്ദൂർ’ അടക്കമുള്ള സൈനിക നീക്കങ്ങളിൽ ഇവ ഉപയോഗിച്ചിരുന്നു.

Also read: