22/07/2026
[fontresizer_tawhidurrahmandear_widget]

’13-ാം വയസ്സിൽ ജയിലിൽ കയറിയതാ, 2 കൊലക്കേസുണ്ട്, സ്വന്തം വക്കീലുണ്ടെടാ’; പൊലീസിനെ വെല്ലുവിളിച്ച് മോഷണക്കേസ് പ്രതികൾ

 ’13-ാം വയസ്സിൽ ജയിലിൽ കയറിയതാ, 2 കൊലക്കേസുണ്ട്, സ്വന്തം വക്കീലുണ്ടെടാ’; പൊലീസിനെ വെല്ലുവിളിച്ച് മോഷണക്കേസ് പ്രതികൾ

കടയ്ക്കൽ: മോഷണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ പൊലീസിനെതിരെ ഭീഷണിയും നാടകീയ വെല്ലുവിളിയുമായി പ്രതികൾ. കടയ്ക്കലിൽ കട കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പിടിയിലായ പ്രതികളാണ് പൊലീസുകാർക്ക് നേരെ വെല്ലുവിളി ഉയർത്തിയത്. “13-ാം വയസ്സിൽ ജയിലിൽ കയറിയതാ, 2 കൊലക്കേസുണ്ട്, സ്വന്തം വക്കീലുണ്ടെടാ” എന്നായിരുന്നു പ്രതികളുടെ ഭീഷണി. കോടതിയിൽ കൊണ്ടുപോയാൽ കൂടിപ്പോയാൽ 14 ദിവസമോ ഒരു മാസമോ കഴിഞ്ഞ് തിരികെ വരുമെന്നും ഇവർ വിളിച്ചുപറഞ്ഞു.

തിരുവനന്തപുരം കല്ലിയൂർ സ്വദേശി യദുകൃഷ്‌ണൻ (18), ശ്രീകാര്യം സ്വദേശി ആദർശ് (20) എന്നിവരെയാണ് കടയ്ക്കൽ എസ്ഐ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്‌. പാങ്ങലുകാട് ജംക്‌ഷനിലെ കട പൊളിച്ചു കയറി മൊബൈൽ ഫോണും പണവും കവർന്ന ശേഷം മോഷ്ടിച്ച ബൈക്കിലാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്.

കടയുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുന്നതിനിടയിൽ പ്രതികളിലൊരാളുടെ കൈയിൽ മുറിവേറ്റിരുന്നു. തുടർന്ന് ചികിത്സയ്ക്കായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ പിടികൂടിയത്. ഇതിനിടയിലാണ് പൊലീസുകാരെ വെല്ലുവിളിക്കാനും ആക്രമിക്കാനും പ്രതികൾ ശ്രമിച്ചത്. ഇത് ആശുപത്രി പരിസരത്ത് വൻ സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചു.

പിടിയിലായ രണ്ടുപേരും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. കൊല്ലം ഈസ്‌റ്റ്, മ്യൂസിയം, കഴക്കൂട്ടം, തുമ്പ, നെടുമങ്ങാട് തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളിലായി മോഷണം, വാഹനക്കടത്ത്, കൊലപാതക ശ്രമം ഉൾപ്പെടെ പത്തോളം കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്. ഇവർക്ക് കഞ്ചാവ്, എംഡിഎംഎ എന്നിവയുടെ വിപണനവുമായി നേരിട്ട് ബന്ധമുണ്ടെന്നും എസ്ഐ ജ്യോതിഷ് ചിറവൂർ വ്യക്തമാക്കി.

Also read: