21/07/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ മരിക്കുമോ എന്ന് ചിന്തിച്ചില്ല,എടുത്തു ചാടി’; മാഞ്ഞാലിപ്പുഴയിൽ ചാടിയ വിദ്യാർഥിനിക്ക് പുതു ജീവനേകി ബസ് ഡ്രൈവർ

 ‘ഞാൻ മരിക്കുമോ എന്ന് ചിന്തിച്ചില്ല,എടുത്തു ചാടി’; മാഞ്ഞാലിപ്പുഴയിൽ ചാടിയ വിദ്യാർഥിനിക്ക് പുതു ജീവനേകി ബസ് ഡ്രൈവർ

കൊച്ചി: മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനിക്ക് സ്വന്തം ജീവൻ പണയം വച്ച് പുതുജീവൻ നൽകി ബസ് ഡ്രൈവർ. അങ്കമാലി-പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘എക്സിക്യൂട്ടീവ്’ ബസിലെ ഡ്രൈവറും കുന്നുകര ചാലാക്ക സ്വദേശിയുമായ അജേഷാണ് ധീരമായ രക്ഷാപ്രവർത്തനം നടത്തിയത്. നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് വിദ്യാർഥിനി പുഴയിൽ ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു സംഭവം. പറവൂരിൽ നിന്ന് അങ്കമാലിയിലേക്ക് ബസുമായി വരുമ്പോൾ മാഞ്ഞാലിപ്പുഴ പാലത്തിൽ വലിയ ആൾക്കൂട്ടം കണ്ട് അജേഷ് വണ്ടി നിർത്തുകയായിരുന്നു. മഴക്കാലമായതിനാൽ പുഴയിൽ ശക്തമായ അടിയൊഴുക്കുള്ള സമയത്താണ് കുട്ടി മുങ്ങിത്താഴുന്നത് അജേഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. മറ്റൊന്നും ആലോചിക്കാതെ പാലത്തിന്റെ കൈവരിയിൽ കയറി അജേഷ് ആഴമുള്ള പുഴയിലേക്ക് ചാടുകയായിരുന്നു.

തളർന്നുപോയ കുട്ടിയെ തോളിലേറ്റി 250 മീറ്ററോളം നീന്തിയാണ് അജേഷ് കരയ്ക്കെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടയിൽ അജേഷും തളർന്നെങ്കിലും സർവശക്തിയുമെടുത്ത് നീന്തി ഇരുവരും രക്ഷപ്പെടുകയായിരുന്നു. കരയിലെത്തിച്ച വിദ്യാർഥിനിക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകുകയും തൊട്ടടുത്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

“ആ സമയത്ത് മരിക്കുമോ എന്നൊന്നും ചിന്തിച്ചില്ലെന്നും, ഒരു ജീവൻ രക്ഷിക്കണമെന്ന ചിന്ത മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ” എന്നും അജേഷ് പ്രതികരിച്ചു. അജേഷിന്റെ ധീരതയും മനുഷ്യസ്നേഹവും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വലിയ അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്.

Also read: