21/07/2026
[fontresizer_tawhidurrahmandear_widget]

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവിന് ഉറക്കഗുളിക നൽകി പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റിൽ

 ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവിന് ഉറക്കഗുളിക നൽകി പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റിൽ

ലക്‌നൗ: ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭർത്താവിനെ ഉറക്കഗുളിക നൽകിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. മീററ്റിലെ കങ്കർഖേഡ സ്വദേശിയായ സന്ദീപ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈ രണ്ടിന് സന്ദീപ് പാമ്പുകടിയേറ്റ് മരിച്ച നിലയിലാണ് കാണപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ അബദ്ധത്തിൽ പാമ്പ് കടിച്ചതാണെന്നായിരുന്നു സന്ദീപിന്റെ ഭാര്യ അഞ്ജലി വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ സന്ദീപിന്റെ മരണത്തിൽ സംശയം തോന്നിയ അദ്ദേഹത്തിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അഞ്ജലിയുടെ ഫോൺ പരിശോധിച്ച പോലീസിന്, രാഹുൽ എന്ന യുവാവുമായി ഇവർക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ആസൂത്രണം പുറത്തുവന്നത്. സന്ദീപിന്റെ പേരിൽ 20 ലക്ഷം രൂപയുടെ ആയുഷ്മാൻ ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നു. ഈ തുക തട്ടിയെടുക്കാനും ഒപ്പം ജീവിക്കാനും വേണ്ടിയാണ് അഞ്ജലിയും കാമുകനായ രാഹുലും ചേർന്ന് സന്ദീപിനെ വധിക്കാൻ പദ്ധതിയിട്ടത്. പദ്ധതി അനുസരിച്ച് സംഭവദിവസം അഞ്ജലി സന്ദീപിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി. സന്ദീപ് ബോധരഹിതനായി ഉറങ്ങിയ സമയത്ത് രാഹുൽ ഒരു പാമ്പുപിടുത്തക്കാരനിൽ നിന്നും പതിനായിരം രൂപയ്ക്ക് വാങ്ങിയ വിഷപ്പാമ്പുമായി വീട്ടിലെത്തുകയും സന്ദീപിന്റെ കാലിൽ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയുമായിരുന്നു. കടിയേറ്റതിന് ശേഷവും സന്ദീപ് ഉണരാതിരിക്കാൻ ഇവർ ഇയാളുടെ വായ അമർത്തിപ്പിടിക്കുകയും ചെയ്തു.

സന്ദീപിന്റെ മരണം ഉറപ്പാക്കിയ ശേഷം പ്രതിയായ രാഹുൽ പാമ്പുമായി അവിടെനിന്നും രക്ഷപ്പെട്ടു. പിറ്റേന്ന് രാവിലെ സന്ദീപ് പാമ്പുകടിയേറ്റ് മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ അഞ്ജലി ശ്രമിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതിലൂടെ കൊലപാതകത്തിന് ഉപയോഗിച്ച പാമ്പിനെയും പാമ്പുപിടുത്തക്കാരെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. കേസിൽ അഞ്ജലിയെയും കാമുകൻ രാഹുലിനെയും കോടതിയിൽ ഹാജരാക്കി.

Also read: