കുറ്റ്യാടിയിൽ കുട്ടികൾ ഉറങ്ങിയ കിടക്കയിൽ വിഷപ്പാമ്പ്; പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ
കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി.കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു.
ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. അതിനെ എടുത്തു മാറ്റി ഏറെനേരം കഴിയും മുമ്പേ തന്നെ എട്ടു വയസ്സുള്ള പെൺകുട്ടി ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. തുടർന്ന് രമേശൻ വീടിന്റെ മറ്റ് റൂമുകൾ പരിശോധിക്കുമ്പോൾ ഒരു പാമ്പിനെ കൂടി കണ്ടെത്തി. രാത്രിയിൽ നാട്ടുകാർ എത്തി വീടും പരിസരവും ഒന്നുകൂടി അരിച്ചുപെറുക്കി പരിശോധിച്ചപ്പോൾ രണ്ട് വെള്ളിക്കെട്ടൻ പാമ്പുകളെ കൂടി കണ്ടെത്താൻ കഴിഞ്ഞു.