27/01/2026

പവാര്‍ കുടുംബത്തിന്റെ കമ്പനിക്കെതിരെ വാളെടുത്ത് ഫഡ്‌നാവിസ്; ഫണ്ട് ദുരുപയോഗം ആരോപിച്ച് അന്വേഷണം

 പവാര്‍ കുടുംബത്തിന്റെ കമ്പനിക്കെതിരെ വാളെടുത്ത് ഫഡ്‌നാവിസ്; ഫണ്ട് ദുരുപയോഗം ആരോപിച്ച് അന്വേഷണം

പൂനെ: എന്‍സിപി നേതാവ് ശരദ് പവാറിന്റെ നിയന്ത്രണത്തിലുള്ള പ്രമുഖ സ്ഥാപനമായ വസന്തദാദ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ (വിഎസ്‌ഐ) അന്വേഷണത്തിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടു. വിഎസ്‌ഐ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ നീക്കം. വിഎസ്‌ഐക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബിജെപി നേതാവും റവന്യൂ മന്ത്രിയുമായ ചന്ദ്രശേഖര്‍ ബവന്‍കുളെ ആരോപിച്ചു.

വിഷയത്തില്‍ ശരദ് പവാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപി സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അന്വേഷണത്തെ എന്‍സിപി എംഎല്‍എ രോഹിത് പവാര്‍ തള്ളിക്കളഞ്ഞു. ശരദ് പവാറിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് വിഎസ്‌ഐയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്ര സന്ദര്‍ശിച്ച്, ബിജെപിക്ക് സഖ്യകക്ഷികളെ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ഫഡ്നാവിസിന്റെ നീക്കമായി ഇതിനെ കാണാമെന്നും രോഹിത് പവാര്‍ ആരോപിച്ചു. എന്‍സിപി പിളര്‍ത്തി ബിജെപിയുമായി സഖ്യമുണ്ടാക്കിയ അജിത് പവാറിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ വിമര്‍ശനമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ വിഎസ്‌ഐയുടെ ഭരണസമിതിയിലെ അംഗം കൂടിയാണ്.

കരിമ്പ് കര്‍ഷകര്‍ക്കായി 1975ല്‍ ഡെക്കാന്‍ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലാണ് വിഎസ്‌ഐ സ്ഥാപിക്കപ്പെട്ടത്. പഞ്ചസാര വ്യവസായത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണിത്.

Also read: