22/07/2026
[fontresizer_tawhidurrahmandear_widget]

‘സാരി കൊണ്ടുവന്നില്ല’; ഭർത്താവിനെ പ്രഷർ കുക്കറിന്റെ മൂടികൊണ്ട് തലയ്ക്കടിച്ചു, ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭാര്യ

 ‘സാരി കൊണ്ടുവന്നില്ല’; ഭർത്താവിനെ പ്രഷർ കുക്കറിന്റെ മൂടികൊണ്ട് തലയ്ക്കടിച്ചു, ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭാര്യ

താനെ: സാരി വാങ്ങിനൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെക്ക് സമീപം ബദ്ലാപൂർ ഈസ്റ്റിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബിഹാർ റോഹ്താസ് സ്വദേശിയായ ഹരിറാം കിഷുഞ്ചി സിങ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സുനിത ഹരിറാം സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രഷർ കുക്കറിന്റെ മൂടികൊണ്ട് തലയ്ക്കടിച്ച ശേഷം ഹരിറാമിനെ സുനിത ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഒമ്പത് വർഷമായി ഏഴുവയസ്സുള്ള മകനൊപ്പം ബദ്ലാപൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ. സാരി കൊണ്ടുവരാത്തതുമായി ബന്ധപ്പെട്ട വാക്കുതർക്കം രൂക്ഷമായതോടെ ഭയന്നുപോയ മകൻ സഹായത്തിനായി വീട്ടുടമയുടെ അടുത്തേക്ക് ഓടിയ സമയത്താണ് സുനിത കൃത്യം നടത്തിയത്. തുടർന്ന് കൊലപാതകം മറച്ചുവെക്കാൻ, തർക്കത്തിനിടെ ഭർത്താവിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ഇവർ വീട്ടുടമയെ വിശ്വസിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം സ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്.

എന്നാൽ, ഹരിറാമിന്റെ ശരീരത്തിലെ പരിക്കുകളിൽ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ ഡോക്ടർമാർ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് കൊലപാതക കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പോലീസ്, സുനിതയെ വിശദമായി ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഏഴുവയസ്സുകാരനെ നിലവിൽ ബന്ധുക്കൾ ഏറ്റെടുത്തിട്ടുണ്ട്. കേസിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Also read: