ഇത് വെറൈറ്റി വരവേൽപ്പ് ; സ്വർണ്ണക്കപ്പുമായി നാട്ടിലെത്തി, സ്പെയിൻ താരങ്ങൾക്ക് ശരീരഭാരത്തിന് തുല്യം തക്കാളികൾ സമ്മാനിച്ച് ജന്മനാട്
മാഡ്രിഡ്: ലോകകപ്പ് കിരീടം ചൂടിയ സ്പാനിഷ് ഫുട്ബോൾ ടീമിന് മാഡ്രിഡിൽ ഇരുപത് ലക്ഷത്തോളം പേർ പങ്കെടുത്ത വൻ സ്വീകരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെ സ്വന്തം നാട്ടിലെത്തിയ സ്പാനിഷ് മിഡ്‌ഫീൽഡർമാരായ ഗാവിക്കും ഫാബിയൻ റൂയിസിനും ലഭിച്ച വേറിട്ടൊരു സ്വീകരണമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ശ്രദ്ധ നേടുന്നത്. ഇരുവരുടെയും ശരീരഭാരത്തിന് തുല്യമായ അളവിൽ തക്കാളി നൽകിയാണ് സ്വന്തം നാടായ ലോസ് പലാസിയോസ് യെ വില്ലാഫ്രാങ്കയിലെ ജനങ്ങൾ തങ്ങളുടെ പ്രിയ താരങ്ങളെ വരവേറ്റത്.
സ്പെയിനിലെ സെവിയ്യ പ്രവിശ്യയിലുള്ള നഗരമാണ് ലോസ് പലാസിയോസ് യെ വില്ലാഫ്രാങ്ക. ഇവിടുത്തെ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ പ്രദേശത്തെ പരമ്പരാഗത ആചാരങ്ങളുടെ ഭാഗമായാണ് ലോകകപ്പ് ജേതാക്കൾക്ക് തക്കാളി സമ്മാനമായി നൽകിയത്. പെട്ടിയിലാക്കിയ തക്കാളിയുമായുള്ള താരങ്ങളുടെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഇതിന് പുറമെ നഗരത്തിലെ പ്രാദേശിക ഫുട്ബോൾ മൈതാനങ്ങൾക്ക് ഈ താരങ്ങളുടെ പേര് നൽകാനും സിറ്റി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
എഡി മോസ്കോ, ലാ ലിയാര ബലോംപിയെ, ലോസ് പലാസിയോസ് സി.എഫ് എന്നീ പ്രാദേശിക ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടായ മൈതാനത്തിനാണ് പുതിയ പേര് നൽകുക. സെവിയ്യ എഫ്‌സി താരമായ ജീസസ് നവാസിനോടുള്ള ആദരസൂചകമായി ജീസസ് നവാസ് സ്പോർട്‌സ് കോംപ്ലക്‌സ് എന്നാണ് ഈ സ്റ്റേഡിയം നിലവിൽ അറിയപ്പെടുന്നത്. ഇതിനൊപ്പമാണ് ഗാവിയുടെയും റൂയിസിന്റെയും പേരുകൾ കൂടി കൂട്ടിച്ചേർക്കുന്നത്. ഫാബിയൻ റൂയിസ് ലോസ് പാലാസിയോസ് സി.എഫിലൂടെയും, ഗാവി തന്റെ ആറാം വയസ്സിൽ ലാ ലിയാര ബലോംപിയയുടെ യൂത്ത് ക്ലബ്ബിലൂടെയുമാണ് ഫുട്ബോൾ ലോകത്തേക്ക് ചുവടുവെക്കുന്നത്. ഫൈനലിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ഇത്തവണ ലോകകിരീടം സ്വന്തമാക്കിയത്.