ജയിലിലെ കൃഷിപ്പണിക്കിടെ മൊട്ടിട്ട പ്രണയം; കൊലക്കേസിൽ ജീവപര്യന്തം തടവുകാർക്ക് ജയിലിനുള്ളിൽ വിവാഹം
ജോധ്‌പൂർ: കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലിൽ വെച്ചുണ്ടായ പ്രണയത്തിന് ഒടുവിൽ വിവാഹത്തിലൂടെ സാഫല്യം. രാജസ്ഥാനിലെ ജോധ്‌പൂർ മാണ്ഡോർ തുറന്ന ജയിലിലാണ് അപൂർവ്വമായ ഈ വിവാഹച്ചടങ്ങ് നടന്നത്. രാജസ്ഥാൻ ഹൈക്കോടതിയുടെ പ്രത്യേക വിധിപ്രകാരം വരൻ മൂലാറാം ഭാട്ടി (33), വധു സീമ ഘാട്‌സെ (31) എന്നീ രണ്ട് ജീവപര്യന്തം തടവുകാരാണ് ജയിലിനുള്ളിൽ വെച്ച് പുതിയ ജീവിതത്തിലേക്ക് കടന്നത്.
അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ 2017 ഫെബ്രുവരി മുതൽ തടവുശിക്ഷ അനുഭവിക്കുകയാണ് മൂലാറാം ഭാട്ടി. ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് സീമ ഘാട്‌സെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് അധികൃതർ ഇരുവരേയും പിന്നീട് മണ്ഡോറിലെ തുറന്ന ജയിലിലേക്ക് മാറ്റിയത്. ഇവിടെ വെച്ചുള്ള കൃഷിപ്പണികൾക്കും മറ്റ് ജോലികൾക്കുമിടെയുണ്ടായ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
വിവാഹം കഴിക്കുന്നതിനായി തൻ്റെ ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മൂലാറാം നൽകിയ ഹരജിയിലാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ജസ്റ്റിസ് പി.എസ്. ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്‌നാഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം തടവുകാർക്കുമുണ്ട്. ശിക്ഷ അനുഭവിക്കുന്നു എന്ന ഒറ്റക്കാരണത്താൽ പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് പരസ്‌പര സമ്മതത്തോടെ വിവാഹം കഴിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം നടപടികൾ തടവുകാരുടെ മാനസിക പരിവർത്തനത്തിനും സമൂഹത്തിലേക്കുള്ള മികച്ച പുനരധിവാസത്തിനും വലിയ രീതിയിൽ സഹായിക്കുമെന്നും കോടതി വ്യക്തമാക്കി. തുറന്ന ജയിലിനുള്ളിൽ വെച്ച് ചടങ്ങ് നടത്തുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജയിൽ അധികൃതരുടെ പൂർണ്ണ മേൽനോട്ടത്തിൽ ചടങ്ങ് നടത്താൻ ഹൈക്കോടതി നിർദേശിച്ചത്.
കോടതിയുടെ നിർദേശപ്രകാരം പുരോഹിതനടക്കം 21 പേർക്കാണ് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. അടുത്ത കുടുംബാംഗങ്ങൾ, ജയിൽ ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ സാക്ഷിയാക്കി മൂലാറാമും സീമയും വരണമാല്യം ചാർത്തി. തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർ നവദമ്പതികളെ ആശീർവദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.