സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത തേള്; നൂറിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
സുപോൾ: ബിഹാറിലെ സുപോൾ ജില്ലയിലുള്ള സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത തേളിനെ കണ്ടെത്തി. ഈ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നൂറിലധികം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ത്രിവേണീഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ മിർജാവ മിഡിൽ സ്കൂളിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
സ്കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ ഉരുളക്കിഴങ്ങും കടലയും ചേർത്ത കറിയിലാണ് ചത്ത തേളിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കുട്ടികളിലൊരാൾ ഇത് ശ്രദ്ധിച്ചത്. എന്നാൽ അപ്പോഴേക്കും ഭൂരിഭാഗം വിദ്യാർഥികളും ഭക്ഷണം കഴിച്ചിരുന്നു. വിഷാംശമുള്ള ഭക്ഷണം ഉള്ളിൽച്ചെന്നതിന് തൊട്ടുപിന്നാലെ കുട്ടികൾക്ക് തൊണ്ടയിൽ പുകച്ചിൽ, കടുത്ത വയറുവേദന, ഛർദ്ദി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ചില വിദ്യാർഥികൾക്ക് കടുത്ത തളർച്ച അനുഭവപ്പെട്ടപ്പോൾ മറ്റ് ചിലർ ബോധരഹിതരായി വീണു.
കുട്ടികളുടെ ആരോഗ്യനില കൂട്ടത്തോടെ മോശമായതോടെ സ്കൂൾ അധികൃതരും അധ്യാപകരും ചേർന്ന് ഇവരെ ഉടൻ തന്നെ ത്രിവേണീഗഞ്ച് സബ് ഡിവിഷനൽ ആശുപത്രിയിൽ എത്തിച്ചു. നൂറിലേറെ കുട്ടികൾക്കാണ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയത്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരും അപകടനിലയിലില്ലെന്നും ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കി.
സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.