‘ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് പോലും നിനക്കറിയില്ലെന്നല്ലേ അന്ന് പറഞ്ഞത്’;വിമർശകരെ ബ്ലോക്ക് ചെയ്തതുകൊണ്ട് വിമർശനങ്ങൾ ഇല്ലാതാകുന്നില്ല’; പേളിക്കു മറുപടിയുമായി മെറീന മൈക്കിൾ
കൊച്ചി: സി.ജെ.പി സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സ്വീകരിച്ച നിലപാടുകളുടെ പേരിൽ കടുത്ത സൈബർ വിമർശനം നേരിടുകയാണ് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണി. ഇതിനിടയിലാണ് പേളിയുടെ പേര് പരാമർശിക്കാതെ, എന്നാൽ കൃത്യമായി അവരെ ലക്ഷ്യം വെച്ചുകൊണ്ട് നടി മെറീന മൈക്കിൾ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നത്. പോസ്റ്റ് ഡിലീറ്റ് ചെയ്തതുകൊണ്ടോ ചോദ്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്തതുകൊണ്ടോ പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് മെറീന തന്റെ കുറിപ്പിൽ തുറന്നടിക്കുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്തതുകൊണ്ടോ വിമർശിക്കുന്നവരെ ബ്ലോക്ക് ചെയ്തതുകൊണ്ടോ വിമർശനങ്ങൾ ഇല്ലാതാകുന്നില്ലെന്നും അത് പുകഴ്ത്തലുകൾ മാത്രം കേൾക്കാൻ സാധിക്കുന്ന ഒരു ഇടം സൃഷ്ടിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും മെറീന വ്യക്തമാക്കി. പൊതുസമൂഹം നൽകുന്നതാണ് നിങ്ങളുടെ സ്വാധീനമെന്നും ആ സ്വാധീനത്തിനൊപ്പം വലിയ ഉത്തരവാദിത്തവും വരുന്നുണ്ടെന്നും അവർ ഓർമ്മിപ്പിക്കുന്നു.
സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ എതിരഭിപ്രായങ്ങൾ കേൾക്കാനും സന്നദ്ധരാകണം. ചോദ്യം ചെയ്യുന്നവരെ ഏതെങ്കിലും ലേബലുകളിൽ ഒതുക്കാനോ പരിഹസിക്കാനോ അധിക്ഷേപിക്കാനോ മുതിരരുത്. നിലപാട് ശരിയാണെങ്കിൽ വസ്തുതകൾ കൊണ്ട് അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. അല്ലാതെ ചോദ്യം ചോദിക്കുന്ന ആളെ ആക്രമിക്കുകയല്ല വേണ്ടതെന്നും മെറീന കുറിച്ചു. എല്ലാവരും നിങ്ങളോട് യോജിക്കുമ്പോൾ എത്ര ഉറക്കെ സംസാരിക്കുന്നു എന്നതിലല്ല, മറിച്ച് ആളുകൾ വിയോജിക്കുമ്പോൾ എത്രത്തോളം ശാന്തമായും സത്യസന്ധമായും പ്രതികരിക്കുന്നു എന്നതിലാണ് നേതൃപാടവം അളക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
മുൻപ് മെറീനയെ അറിയില്ല എന്ന് പേളി നടത്തിയ പരാമർശത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് കുറിപ്പിലെ പ്രധാന ഭാഗം. “നീ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു, ‘ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നു’ എന്ന്. അതുകൊണ്ട് കുഴപ്പമൊന്നുമില്ല. മറ്റുള്ളവരുടെ അംഗീകാരമല്ല ഒരാളുടെ മൂല്യം നിർണയിക്കുന്നത്. ഞാൻ ആരാണെന്നതുകൊണ്ടല്ല, എൻ്റെ ചോദ്യങ്ങളോട് നീ എങ്ങനെ പ്രതികരിച്ചു എന്നത് ആളുകൾ ശ്രദ്ധിച്ചതുകൊണ്ടാണ് ഇന്ന് നമ്മൾ ഈയൊരു സംഭാഷണത്തിൽ എത്തിനിൽക്കുന്നത്. നീ എന്നെ അറിയണമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല”- മെറീന കുറിച്ചു. ആരെയും താഴ്ത്തിക്കെട്ടാനോ വെറുപ്പ് പ്രചരിപ്പിക്കാനോ അല്ല ഇതെന്നും, പൊതുജനത്തെ സ്വാധീനിക്കുന്ന വ്യക്തികളിൽ നിന്ന് കൃത്യമായ നിലപാടും ഉത്തരവാദിത്തബോധവും ബഹുമാനവും പ്രതീക്ഷിക്കുന്നത് കൊണ്ടാണെന്നും അവർ വ്യക്തമാക്കി.
2017-ൽ ഒരു ടെലിവിഷൻ പരിപാടിയുമായി ബന്ധപ്പെട്ട് പേളിയും മെറീനയും തമ്മിൽ പരസ്യമായ തർക്കമുണ്ടായിരുന്നു. പേളി അവതാരകയായ ഷോയിൽ മെറീന അതിഥിയായി എത്തിയപ്പോൾ, പേളി ഷോ ചെയ്യാൻ വിസമ്മതിച്ചെന്നും ഫോണിലൂടെ മോശമായി സംസാരിച്ചെന്നും മെറീന അന്ന് ആരോപിച്ചിരുന്നു. എന്നാൽ അതിഥികളെ തീരുമാനിക്കുന്നത് പ്രൊഡ്യൂസർമാരാണെന്നും, കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ മെറീന ഫോൺ കട്ട് ചെയ്യുകയായിരുന്നു എന്നുമായിരുന്നു അന്ന് പേളി ഇതിന് നൽകിയ മറുപടി. പഴയ ഈ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.