‘ചെയ്തത് തെറ്റ്, എല്ലാവരോടും മാപ്പ്, എല്ലാ പാർട്ടിയും എനിക്കിഷ്ടമാണ്; ആരുടെയും പോരാട്ടത്തെ ചെറുതാക്കി കണ്ടിട്ടില്ല’- വിശദീകരണവുമായി പേളി മാണി
കൊച്ചി: ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടത്തിയ വിവാദ പ്രതികരണത്തിൽ വിശദീകരണവും ഖേദപ്രകടനവുമായി നടിയും അവതാരകയുമായ പേളി മാണി. വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആരുടെയും പോരാട്ടത്തെ ചെറുതാക്കി കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും യൂട്യൂബ് ചാനലിൽ പങ്കുവെച്ച 21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ താരം വ്യക്തമാക്കി.
വിദ്യാർഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ കണ്ട് ഭയന്നാണ് പോസ്റ്റ് പങ്കുവെച്ചതെന്നും, വിദ്യാർഥികൾക്ക് നീതി വേണമെങ്കിലും ജീവനാണ് വലുതെന്ന ചിന്തയിലാണ് പ്രതികരിച്ചതെന്നും പേളി പറഞ്ഞു. എന്നാൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും സ്വാതന്ത്ര്യസമര സേനാനികളുടെ കല്ലറയിൽ തുപ്പുന്നതിന് തുല്യമാണ് പോസ്റ്റ് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇതിൽ മനംനൊന്തും ദേഷ്യം വന്നുമണ് പിന്നീട് രാത്രി 11 മണിക്ക് മറ്റൊരു വിശദീകരണ പോസ്റ്റ് പങ്കുവെച്ചതെന്ന് പേളി വ്യക്തമാക്കി.
അതി വൈകാരികമായി പങ്കുവെച്ച ആ സ്റ്റോറിയിൽ തനിക്ക് വലിയ തെറ്റുപറ്റിയതായി പേളി സമ്മതിച്ചു. തനിക്കെതിരെ പത്ത് പേജ് എഴുതി പോസ്റ്റിട്ടയാളെ ‘പരാജയപ്പെട്ട സംവിധായകൻ’ എന്ന് വിളിച്ചത് തെറ്റാണെന്നും അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നും താരം പറഞ്ഞു. തന്റെ പോസ്റ്റിന്റെ കളറിന് രാഷ്ട്രീയ വ്യാഖ്യാനം നൽകിയതിനാണ് സാഫ്രോൺ ഇഷ്ടമാണെന്നും ഇന്ത്യൻ പതാകയിലാണ് കൂടുതൽ ഇഷ്ടമെന്നും എഴുതിയത്. തനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും ഇഷ്ടമാണെന്നും എല്ലാ പാർട്ടികളിലും സുഹൃത്തുക്കളുണ്ടെന്നും താരം വ്യക്തമാക്കി.
അതേസമയം, പോസ്റ്റിട്ട വ്യക്തിയുടെ അച്ഛനും പ്രശസ്ത സംവിധായകനുമായ സിബി മലയിലിനെയാണ് താൻ അധിക്ഷേപിച്ചതെന്ന രീതിയിൽ വാർത്താ മാധ്യമങ്ങൾ വ്യക്തത വരുത്താതെ നൽകിയ പ്രചാരണം വലിയ വേദനയുണ്ടാക്കിയതായി പേളി പറഞ്ഞു. സിബി മലയിലിന്റെ വലിയൊരു ആരാധികയായ താൻ സ്വപ്നത്തിൽ പോലും അദ്ദേഹത്തെക്കുറിച്ച് അങ്ങനെ പറയില്ലെന്നും താരം വ്യക്തമാക്കി.
താൻ ചെയ്തതിൽ തെറ്റുണ്ടെന്ന് അംഗീകരിക്കുന്നുവെന്നും, അവതാരകയായി കരിയർ ആരംഭിച്ചപ്പോൾ ഡാഡി പറഞ്ഞത് പോലെ പറയുന്ന ഓരോ വാക്കിനും പ്രവർത്തിക്കും വലിയ ഉത്തരവാദിത്തമുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും തെറ്റുകൾ തിരുത്തി മെച്ചപ്പെട്ട മനുഷ്യനാകാൻ ശ്രമിക്കുമെന്നും പറഞ്ഞ പേളി പ്രേക്ഷകരോട് മാപ്പും അപേക്ഷിച്ചു.