സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി വയോധികയെ ആക്രമിച്ച് മൂന്നരപവന്‍ കവർന്നു; വേഷംമാറിയെത്തിയ അയൽവാസിയായ യുവതി പിടിയിൽ
തൃശൂർ: കുന്നംകുളത്ത് സെൻസസ് എടുക്കാനെന്ന വ്യാജേന വേഷംമാറി വീട്ടിലെത്തി വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന യുവതി പിടിയിലായി. കുന്നംകുളം ചൂണ്ടൽ മേലെങ്കാവ് ചാണശ്ശേരി വീട്ടിൽ 80 വയസ്സുള്ള തങ്കമണിയുടെ മൂന്നരപ്പവൻ വരുന്ന മാലയാണ് വേഷം മാറിയെത്തിയ അയൽവാസിയായ യുവതി കവരാൻ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.
സെൻസസ് വിവരങ്ങൾ ശേഖരിക്കാനെന്ന പേരിലാണ് പ്രതി തങ്കമണിയുടെ വീട്ടിലെത്തിയത്. തുടർന്ന് ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയും, പുറത്തെ ശുചിമുറി ഉപയോഗിച്ച ശേഷം കുടിക്കാൻ വെള്ളം ചോദിക്കുകയുമായിരുന്നു. വെള്ളമെടുക്കാനായി തങ്കമണി അടുക്കളയിലേക്ക് പോയ സമയം പിന്തുടർന്നെത്തിയ യുവതി വയോധികയുടെ തല ചുമരിലിടിപ്പിച്ച് പരിക്കേൽപ്പിക്കുകയും കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയം മകനും മരുമകളും ജോലിക്ക് പോയിരുന്നതിനാൽ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
മാല പൊട്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയിൽ മാലയുടെ പകുതി മാത്രമാണ് മോഷ്ടാവിന്റെ കൈയ്യിൽ കിട്ടിയത്. ബാക്കി ഭാഗം താഴെ വീഴുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ് താഴെ വീണ വയോധിക ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്ന ബന്ധുക്കൾ ഓടിയെത്തുകയും യുവതിയെ പിടികൂടുകയുമായിരുന്നു. പിടിവലിയില്‍ തലയില്‍ വെച്ചിരുന്ന വിഗ് താഴെ വീണു. ഇത് കണ്ട് നാട്ടുകാരെല്ലാം ഞെട്ടിപ്പോവുകയായിരുന്നു. പരിക്കേറ്റ തങ്കമണിയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.