മോഷ്ടിച്ച സൈക്കിൾ തിരികെ നൽകിയാൽ 5 ലക്ഷം രൂപയും ഒപ്പം ജോലിയും; സൈക്കിൾ കള്ളന് വമ്പൻ വാഗ്ദാനവുമായി ബോബി ചെമ്മണ്ണൂർ
കൊച്ചി: മോഷ്ടിച്ച സൈക്കിൾ ഉടമയ്ക്ക് തിരികെ നൽകിയാൽ കള്ളന് അഞ്ച് ലക്ഷം രൂപയും ഒപ്പം ജോലിയും വാഗ്ദാനം ചെയ്ത് വ്യവസായി ബോബി ചെമ്മണ്ണൂർ. എറണാകുളം ഇടപ്പള്ളി ടോൾ സ്വദേശിയായ എൺപതുകാരൻ പ്രകാശൻ്റെ അച്ഛനോർമ്മയായ റാലി സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച മോഷണം പോയത്. കേവലമൊരു സൈക്കിൾ എന്നതിനപ്പുറം പ്രകാശന് തന്റെ ജീവിതത്തിൽ ഏറ്റവും വൈകാരിക അടുപ്പമുള്ള ഒന്നായിരുന്നു അത്.
തന്റെ പത്താം വയസ്സിൽ അച്ഛൻ സ്നേഹത്തോടെ സമ്മാനിച്ചതാണ് ഈ സൈക്കിൾ. അച്ഛന്റെ ചരമവാർഷികത്തിന്റെ തലേദിവസം തന്നെ സൈക്കിൾ നഷ്ടപ്പെട്ടത് ആ കുടുംബത്തെ വലിയ രീതിയിൽ വേദനിപ്പിച്ചിരുന്നു. വാർത്തകളിലൂടെ ഈ സംഭവമറിഞ്ഞതോടെയാണ് കള്ളന് വാഗ്ദാനവുമായി ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയത്. ആ സൈക്കിളിന്റെ വൈകാരിക മൂല്യം മനസ്സിലാക്കി അത് തിരികെ ഏൽപ്പിക്കുകയാണെങ്കിൽ അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്നും, തെറ്റുതിരുത്തി നല്ലൊരു ജീവിതം നയിക്കാൻ തയ്യാറാകുകയാണെങ്കിൽ കള്ളന് മികച്ചൊരു ജോലി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വെറുമൊരു ഇരുമ്പുചക്രത്തിനപ്പുറം പ്രകാശൻ എന്ന എൺപതുകാരന്റെ അച്ഛനോർമ്മകളുടെ സുഗന്ധമുള്ള ആ പഴയ സൈക്കിൾ തിരികെ നൽകി അദ്ദേഹത്തിന്റെ വേദന ശമിപ്പിക്കാൻ കള്ളൻ തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.