‘അടുത്തത് എഥനോൾ ഗഡ്കരി’; സിജെപിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി ‘ഇ20 ജനതാ പാർട്ടി’; ഇൻസ്റ്റയിൽ 3 ലക്ഷം കടന്ന് ഫോളോവേഴ്സ്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ രാജ്യത്ത് ഉയർന്നുവന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ഡിജിറ്റൽ പ്രതിഷേധം വലിയ വിജയമായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പുതിയ തരംഗമായി ‘ഇ20 ജനതാ പാർട്ടി’ അഥവാ ഇ.ജെ.പി. ‘ധർമേന്ദ്ര പ്രധാൻ രാജിവെച്ചു, അടുത്തത് എഥനോൾ ഗഡ്കരി’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഇ.ജെ.പിയുടെ കടന്നുവരവ്. എഥനോൾ കലർത്താത്ത 100 ശതമാനം ശുദ്ധമായ പെട്രോൾ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണെന്നാണ് ഇവർ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം.
മെയ് 16-ന് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച കോക്രോച്ച് ജനതാ പാർട്ടി വെറും 24 മണിക്കൂറിനുള്ളിൽ 15,000 ഫോളോവേഴ്സിനെയും, മെയ് 21 ആകുമ്പോഴേക്കും 14 മില്യൺ ഫോളോവേഴ്സിനെയും നേടി രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെപ്പോലും പിന്നിലാക്കി വലിയ ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ വിജയത്തിന് പിന്നാലെയാണ് ഇ20 ജനതാ പാർട്ടിയും ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് ലക്ഷത്തിനു മേൽ ഫോളോവേഴ്സിലേക്കാണ് ഇ.ജെ.പി ഇപ്പോൾ എത്തിനിൽക്കുന്നത്. ഇതൊരു യഥാർത്ഥ രാഷ്ട്രീയ പാർട്ടിയല്ലെന്നും ഇന്ത്യൻ യുവത്വത്തിന്റെ നിശബ്ദമായ ഡിജിറ്റൽ കലാപമാണെന്നുമാണ് കോക്രോച്ച് പാർട്ടി അവകാശപ്പെട്ടിരുന്നതെങ്കിൽ, തങ്ങളുടേത് രാഷ്ട്രീയ മുന്നേറ്റമല്ല, മറിച്ച് ഉപഭോക്തൃ അവകാശങ്ങൾക്കായുള്ള പോരാട്ടമാണെന്നാണ് ഇ.ജെ.പി വിശദീകരിക്കുന്നത്.
സ്വന്തം വാഹനത്തിന്റെ ഇന്ധന ടാങ്കുകളിൽ എന്താണ് നിറക്കേണ്ടതെന്ന് ഉപഭോക്താക്കൾ തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇ.ജെ.പി എക്സിലെ ബയോയിൽ കുറിച്ചിരിക്കുന്നത്. നിർബന്ധിത എഥനോൾ കലർത്തൽ ഇല്ലാതെ 100 ശതമാനം യഥാർത്ഥ ഇന്ധനമാണ് വേണ്ടതെന്നും ഇവർ ആവശ്യപ്പെടുന്നു. 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നത് വഴി വാഹനങ്ങൾക്കുണ്ടാകുന്ന തകരാറുകളെക്കുറിച്ചുള്ള വാർത്തകളാണ് തുടക്കത്തിൽ ഇവർ പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് എഥനോൾ മിശ്രിത നയം രാജ്യത്ത് അനിവാര്യമാണെന്ന് പ്രഖ്യാപിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ‘എഥനോൾ ഗഡ്കരി’ എന്ന് വിളിച്ച് ഇവർ ലക്ഷ്യമിടാൻ തുടങ്ങിയത്.
രാജ്യത്ത് വിതരണം ചെയ്യുന്ന ഇ20 പെട്രോൾ പൂർണ്ണമായും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴാണ് ഈ പുതിയ സമൂഹ മാധ്യമ കൂട്ടായ്മ വലിയ വെല്ലുവിളിയായി ഉയർന്നുവരുന്നത്. തങ്ങളുടെ പ്രതിഷേധം ഓൺലൈനിൽ മാത്രം ഒതുക്കി നിർത്താൻ ഇ.ജെ.പി തയ്യാറല്ല. ഇതിന്റെ ആദ്യ പടിയായി ആഗസ്റ്റ് നാലിന് പാർലമെന്റിലേക്ക് വലിയൊരു മാർച്ച് നടത്താൻ ഇ.ജെ.പി ആഹ്വാനം ചെയ്തു കഴിഞ്ഞു. ടാക്സി, ടൂറിസ്റ്റ്, മറ്റ് വാണിജ്യ വാഹന ഉടമകളോടാണ് എക്സ് അക്കൗണ്ട് വഴി പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളും യുവാക്കളും ഏറ്റെടുത്ത ഇത്തരം ഡിജിറ്റൽ ക്യാമ്പയിനുകൾ തെരുവിലേക്ക് കൂടി വ്യാപിക്കുന്നത് കേന്ദ്ര സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.