മരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയെന്ന് ഡോക്ടർമാർ; വെറും 5,600 രൂപയിൽനിന്ന് 420 കോടിയുടെ ജെറ്റ് കമ്പനി കെട്ടിപ്പടുത്ത കാന്സര് അതിജീവിത
ന്യൂഡൽഹി: വെറും 5,600 രൂപയുടെ നിക്ഷേപത്തിൽ നിന്ന് 420 കോടി രൂപയുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത, ക്യാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുവ സംരംഭകയാണ് ജെറ്റ്സെറ്റ്ഗോ സി.ഇ.ഒ കനിക തെക്രിവാൾ. 2021-ൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സ്വയം സംരംഭകരുടെ പട്ടികയിൽ ഇടംനേടിയ അവർ അടുത്തിടെ ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 5-ലും എത്തിയിരുന്നു. 2016, 2017 വർഷങ്ങളിൽ ഫോബ്സ് 30 അണ്ടർ 30 പട്ടികയിലും അവർ ഇടംപിടിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധികളെയും നിശ്ചയദാർഢ്യത്തോടെ നേരിട്ടാൽ വിധി തിരുത്തിയെഴുതാമെന്ന് തെളിയിക്കുന്നതാണ് കനികയുടെ ജീവിതം.
ഒരു മാർവാടി കുടുംബത്തിൽ ജനിച്ച കനികയ്ക്ക് കുട്ടിക്കാലം മുതൽക്കെ ഫിനാൻസ് മേഖലയോടായിരുന്നു താല്പര്യം. ഭോപ്പാലിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ഇംഗ്ലണ്ടിലെ കവൻട്രി സർവ്വകലാശാലയിലാണ് ബിരുദപഠനം നടത്തിയത്. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിച്ച സമയത്ത്, തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് അവർക്ക് സ്റ്റേജ് 2 ഹോഡ്ജ്കിൻസ് ലിംഫോമ എന്ന ക്യാൻസർ സ്ഥിരീകരിക്കുന്നത്. ജീവിക്കാൻ ഇനി വെറും നാല് ദിവസമോ നാല് മാസമോ മാത്രമേ ബാക്കിയുള്ളൂ എന്ന് അന്ന് 40 ഡോക്ടർമാർ വിധിയെഴുതിയിരുന്നതായി അവർ ഷാർക്ക് ടാങ്ക് വേദിയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മുംബൈയിലെ ഒരു ഡോക്ടറെ കണ്ടതോടെ അവരുടെ ആത്മവിശ്വാസം വർദ്ധിച്ചു. ക്യാൻസറിനെ അതിജീവിച്ചതോടെ ജീവിതം ചെറുതാണെന്നും തനിക്ക് പ്രാധാന്യമുള്ള കാര്യങ്ങൾ ചെയ്യണമെന്നും അവർ തീരുമാനിച്ചു.
തുടർന്ന് 2014-ലാണ് അവർ ജെറ്റ്സെറ്റ്ഗോ ആരംഭിക്കുന്നത്. പുറത്തുനിന്ന് പണം സ്വരൂപിക്കാതെ വെറും 5,600 രൂപ മാത്രം നിക്ഷേപിച്ചാണ് താൻ ബിസിനസ്സ് തുടങ്ങിയതെന്ന് അവർ പറയുന്നു. പുരുഷന്മാരുടെ കുത്തകയായിരുന്ന വ്യോമയാന മേഖലയിൽ ഒരു സ്ത്രീ എന്ന നിലയിൽ തുടക്കത്തിൽ നിരവധി വെല്ലുവിളികളും പരിഹാസങ്ങളും അവർക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് അവർ മുന്നേറി. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റുകളുടെയും ഹെലികോപ്റ്ററുകളുടെയും ശൃംഖലയുള്ള കമ്പനിയാണ് ജെറ്റ്സെറ്റ്ഗോ. പുനീത് ഡാൽമിയ, ക്രിക്കറ്റ് താരം യുവരാജ് സിങ് എന്നിവരുടെ പിന്തുണയോടെ മുംബൈ, ഡൽഹി, ബെംഗളൂരു, ന്യൂയോർക്ക്, ദുബായ് എന്നിവിടങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായുള്ളe ബിസിനസുകാരനും അരബിന്ദോ ഫാർമയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി. ശരത് ചന്ദ്ര റെഡ്ഡിയാണ് കനികയുടെ ഭർത്താവ്. വിവാഹത്തിന് ശേഷം നാല് വർഷങ്ങൾക്കിപ്പുറം 2026 മെയ് 28-ന് ഇവർക്കൊരു ആൺകുഞ്ഞ് ജനിച്ചിരുന്നു.