മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയ വയോധികയ്ക്ക് പോലീസ് മർദനം; മുഖമടിച്ചുവീണതായി ആരോപണം
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി ബോധിപ്പിക്കാനെത്തിയ 79-കാരിക്ക് പോലീസ് മർദനമേറ്റതായി പരാതി. വർക്കല ഇടവ വെൺകുളം ചെമ്പകത്തിൻമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദയാണ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
സമീപവാസി കടം വാങ്ങിയ രണ്ടരലക്ഷം രൂപ തിരികെ നൽകാത്തതിനെ തുടർന്ന് അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പണം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ശാരദ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. രണ്ടുദിവസത്തിനുശേഷം വീണ്ടും വരാൻ മുഖ്യമന്ത്രി നിർദേശിച്ചതനുസരിച്ച് എത്തിയപ്പോൾ ഉദ്യോഗസ്ഥർ പ്രവേശനം തടയുകയായിരുന്നു.
മുഖ്യമന്ത്രിയെ കാണാതെ മടങ്ങില്ലെന്ന് വ്യക്തമാക്കിയതോടെ വനിതാ പോലീസുകാരടക്കമുള്ള സംഘം തന്നെ ബലമായി ജീപ്പിലേക്ക് മാറ്റിയെന്നാണ് ശാരദ പറയുന്നത്. ഇതിനിടെ മുഖമടിച്ചുവീണു. പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ കൈകാലുകളിൽ പിടിച്ച് വീണ്ടും ജീപ്പിലേക്ക് വലിച്ചുകയറ്റിയെന്നും ആരോപിക്കുന്നു. പരിക്കേറ്റ ശാരദ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഹൃദ്രോഗിയായ ഇവർ ആശുപത്രി അധികൃതർ മുഖേന പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്.
അതേസമയം, കനത്ത സുരക്ഷയും സന്ദർശകത്തിരക്കുമുള്ള സെക്രട്ടേറിയറ്റിൽ ഇത്തരം സംഭവമുണ്ടാകുമോയെന്ന അവിശ്വസനീയതയിലാണ് പോലീസ്.