10 വര്‍ഷത്തെ പ്രതിരോധ കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുഎസും
ക്വാലാലംപൂര്‍: ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനായി 10 വര്‍ഷത്തേക്കുള്ള സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടയിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കരാറില്‍ ധാരണയായത്.
പ്രതിരോധ സഹകരണത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമായാണ് രാജ്നാഥ് സിങ് കരാറിനെ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്തോ-പസഫിക് മേഖലയില്‍ ശേഷി വര്‍ദ്ധിപ്പിക്കാനും ഈ കരാര്‍ ലക്ഷ്യമിടുന്നുണ്ട്.
സൈനിക സഹകരണം, സാങ്കേതികവിദ്യാ വിവരങ്ങള്‍ പങ്കുവയ്ക്കലും ഏകോപനവും എന്നിവയില്‍ സഹകരണം ഉറപ്പുവരുത്തുന്ന 10 വര്‍ഷത്തേക്കുള്ള പ്രതിരോധ സഹകരണ ചട്ടക്കൂടാണ് അന്തിമമായിരിക്കുന്നത്. ലോജിസ്റ്റിക് സൗകര്യങ്ങള്‍ ഉറപ്പുവരുത്തല്‍, പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത നിര്‍മാണം എന്നിവയും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്. സൈനിക സഹകരണം ആഴത്തിലാക്കുകയും, പരസ്പരം താവളങ്ങള്‍, ലോജിസ്റ്റിക്സ്, അറ്റകുറ്റപ്പണി സൗകര്യങ്ങള്‍ എന്നിവ തടസങ്ങളില്ലാതെ ഉപയോഗിക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ഡ്രോണുകളിലും എഐ അധിഷ്ഠിത യുദ്ധതന്ത്രങ്ങളിലുമുള്ള സംയുക്ത ഗവേഷണം, വികസനം എന്നിവയും ഉറപ്പുവരുത്തും.