മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
കൽപ്പറ്റ: 23 വർഷം മുൻപ് നടന്ന ചരിത്രപരമായ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കെ.വി വിനോദ് കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു. പൊലീസുകാരനെ വെട്ടിയ രണ്ടാം പ്രതി അശോകൻ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. കൊലപാതകത്തിൽ അശോകന് മാത്രമാണ് പങ്കെന്നും, പ്രതി നിലവിൽ ജീവിച്ചിരിപ്പില്ലാത്തതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാൽ മറ്റൊരു പൊലീസുകാരനായ അബ്ദുൽ സലാമിനെ ആക്രമിച്ച കേസിൽ സി.കെ ജാനു, ഗീതാനന്ദൻ ഉൾപ്പെടെ നാലുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഉടൻ വിധിക്കും. കോടതി വിധി മരവിച്ച മനസാക്ഷിയോടെയാണ് കേട്ടതെന്നും ഏറെ നിരാശാജനകമാണെന്നും വിനോദിന്റെ സഹോദരൻ പ്രതികരിച്ചു. നീതിക്കായി പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2003 ഫെബ്രുവരി 19-നാണ് ആദിവാസികളുടെ കുടിൽക്കെട്ടി സമരത്തിനിടെ സംഘർഷമുണ്ടായതും പൊലീസുകാരനും ആദിവാസി യുവാവും കൊല്ലപ്പെട്ടതും. പൊലീസുകാരനെ ബന്ദിയാക്കി കൊലപ്പെടുത്തുകയും വനം ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിൽ 57 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 15 പേർ വിചാരണക്കാലയളവിൽ മരിച്ചു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഉത്തരവുപ്രകാരമാണ് വിചാരണ എറണാകുളം സിബിഐ കോടതിയിൽ നിന്ന് കൽപ്പറ്റ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.