‘ഭാര്യ മതം മാറുന്നില്ല; പക്ഷേ, ഒരുനാള്‍ അവളുടെ കാഴ്ചപ്പാടും മാറും’-വിവാദങ്ങളില്‍ ജെ.ഡി വാന്‍സ്
ന്യൂയോര്‍ക്ക്: ഭാര്യയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതിനു പിന്നാലെ വിശദീകരണവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഭാര്യ ഉഷ മതം മാറാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും, എന്നാല്‍, ഒരുനാള്‍ അവള്‍ തന്റെ കാഴ്ചപ്പാടിലേക്ക് എത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്കു പിന്നാലെ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് വാന്‍സ് നിലപാട് വ്യക്തമാക്കിയത്.
‘എന്റെ ഭാര്യ ക്രിസ്ത്യാനിയല്ല, മതം മാറാന്‍ അവര്‍ക്ക് പദ്ധതിയുമില്ല. എന്നാല്‍, മിശ്രവിവാഹത്തിലുള്ള പലരെയും പോലെ ഒരു ദിവസം അവള്‍ കാര്യങ്ങള്‍ ഞാന്‍ കാണുന്നതുപോലെ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’-വാന്‍സ് പറഞ്ഞു. ഭാര്യയെയും അവരുടെ വിശ്വാസങ്ങളെയും താന്‍ പിന്തുണയ്ക്കുന്നത് തുടരുമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.
ഹിന്ദു വിശ്വാസിയായ ഭാര്യ, ഒരു ദിവസം ക്രിസ്തുമതം സ്വീകരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന വാന്‍സിന്റെ പ്രസ്താവനയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. ക്രൈസ്തവ വിശ്വാസമാണ് തന്റെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുന്നതെന്നും, അത് ഉഷയുള്‍പ്പെടെയുള്ള മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട വലതുപക്ഷ അനുകൂല ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്ക് സ്ഥാപിച്ച ടേണിങ് പോയിന്റ് യുഎസ്എയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് വാന്‍സിന്റെ അഭിപ്രായപ്രകടനം.
തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ക്രിസ്ത്യന്‍ വിരുദ്ധ മതഭ്രാന്തിന്റെ ഭാഗമാണെന്നും വാന്‍സ് ആരോപിച്ചു. ക്രിസ്ത്യാനികള്‍ക്ക് വിശ്വാസങ്ങളുണ്ട്. ആ വിശ്വാസങ്ങള്‍ക്ക് പല പ്രത്യാഘാതങ്ങളുമുണ്ട്. ആ വിശ്വാസങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് തികച്ചും സ്വാഭാവികമായ കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.