‘പെന്റഗൺ പുറത്തുവിടുന്നത് യുദ്ധത്തിന്റെ യഥാർഥ ചിത്രമല്ല; ട്രംപിനെ പറ്റിക്കുന്നു’-ചോദ്യങ്ങളുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ ഗതിയെക്കുറിച്ച് പ്രതിരോധ വകുപ്പ് നൽകുന്ന അമിത ശുഭപ്രതീക്ഷയുള്ള റിപ്പോർട്ടുകളെ ചോദ്യം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യുദ്ധഭൂമിയിലെ തിരിച്ചടികൾ മറച്ചുവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പെന്റഗൺ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് വാൻസ് ആരോപിക്കുന്നു. പെന്റഗൺ വാദിക്കുന്നതിൽനിന്നു വിരുദ്ധമായി ഇറാന്റെ സൈനികശേഷി ഇപ്പോഴും ശക്തമായി തുടരുന്നു. അമേരിക്കയുടെ മിസൈൽ ശേഖരത്തിലുണ്ടായ വൻ ഇടിവ് ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി അറ്റ്‌ലാന്റിക്’ ആണ് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് നേതൃത്വത്തിൽ വലിയ ഭിന്നത നിലനിൽക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. ഇറാൻ യുദ്ധത്തിനായി അമേരിക്കൻ സൈന്യം തങ്ങളുടെ ആയുധശേഖരത്തിൽനിന്ന് വൻതോതിൽ മിസൈലുകൾ ഉപയോഗിക്കുന്നത് മറ്റ് ആഗോള മേഖലകളിലെ അമേരിക്കൻ താൽപര്യങ്ങളെ ബാധിക്കുമെന്നാണ് വാൻസ് ചൂണ്ടിക്കാട്ടുന്നത്. ടോമഹോക്ക് മിസൈലുകൾ, മിസൈൽ പ്രതിരോധത്തിനുള്ള ഇന്റർസെപ്റ്ററുകൾ എന്നിവയുടെ ശേഖരം പകുതിയിലധികം ഇതിനകം ചെലവാക്കിക്കഴിഞ്ഞതായും വാൻസ് ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടിൽ പറയുന്നു.
ചൈനയ്ക്കെതിരെ തായ്വാനെയും, റഷ്യയ്ക്കെതിരെ യൂറോപ്പിനെയും പ്രതിരോധിക്കാൻ ആവശ്യമായ ആയുധങ്ങൾ കൈവശമില്ലാത്ത സാഹചര്യം ഇത് സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രസിഡന്റിനെ അറിയിച്ചു. മുൻപ് യുക്രെയ്നും ഇസ്രയേലിനും നൽകിയ ആയുധങ്ങൾ കാരണം ആയുധനിർമാണ ശൃംഖല നേരത്തെ തന്നെ സമ്മർദത്തിലായിരുന്നു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വൈസ് പ്രസിഡന്റ് വാൻസും തമ്മിലുള്ള ശീതയുദ്ധമാണ് ഇപ്പോൾ വൈറ്റ് ഹൗസിലെ പ്രധാന ചർച്ചാവിഷയം. 2007-ലെ ഇറാഖ് യുദ്ധകാലത്തെ സൈനിക നീക്കങ്ങളെ അനുകൂലിക്കുന്ന ഹെഗ്സെത്ത്, ഇറാനിൽ അതിശക്തമായ ആക്രമണങ്ങൾ തുടരണമെന്ന് വാദിക്കുന്നു. എന്നാൽ, ഇറാഖ്-അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ അമേരിക്ക നേരിട്ട പരാജയങ്ങൾ ചൂണ്ടിക്കാട്ടി അനന്തമായ യുദ്ധങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന നിലപാടുകാരനാണ് വാൻസ്. ഹെഗ്സെത്ത് പ്രസിഡന്റിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പറയുന്ന ‘യെസ് മാൻ’ ആയി മാറുന്നുവെന്ന് വാൻസിന്റെ അനുയായികൾ ആരോപിക്കുന്നു.
ഹെഗ്സെത്തും വാൻസും ഒരേ കാലഘട്ടത്തിൽ ഇറാഖിൽ താഴ്ന്ന റാങ്കിലുള്ള സൈനികരായി സേവനമനുഷ്ഠിച്ചവരാണ്. ഹെഗ്സെത്ത് നാഷണൽ ഗാർഡ് ലഫ്റ്റനന്റും വാൻസ് മറൈൻ കോർപ്‌സിലെ ജേണലിസ്റ്റുമായിരുന്നു. എന്നാൽ, ഇറാഖ് യുദ്ധത്തിൽനിന്നും മറ്റ് സായുധ സംഘർഷങ്ങളിൽനിന്നും അവർ വ്യത്യസ്തമായ നിഗമനങ്ങളിലാണ് എത്തിയത്. ഒരു യുവ വെറ്ററൻ എന്ന നിലയിൽ ഹെഗ്സെത്ത് 2007-ലെ ഇറാഖ് സൈനിക നീക്കങ്ങളെ പിന്തുണച്ചിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ കാരണം സൈന്യത്തിന് സ്വതന്ത്രമായി പോരാടാൻ കഴിയാത്തതിനാലാണ് ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക തോറ്റതെന്നാണ് ഹെഗ്സെത്തിന്റെ വാദം. ഇറാൻ യുദ്ധത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ, 2003-ലെ ഇറാഖ് യുദ്ധത്തിന്റെ ആദ്യ ഘട്ടത്തേക്കാൾ ഇരട്ടി പ്രഹരശേഷിയാണ് അമേരിക്ക പുറത്തെടുത്തതെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
വാൻസിനെ അറിയുന്നവർ പറയുന്നത്, അഫ്ഗാനിസ്ഥാൻ, ഇറാഖ് യുദ്ധങ്ങൾ തുടക്കം മുതൽ തന്നെ തെറ്റായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു എന്നാണ്. നമ്മെ കള്ളം പറഞ്ഞു പറ്റിച്ചുവെന്ന് സെനറ്റ് അംഗമായിരിക്കെ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ വിഭവങ്ങൾ സ്വന്തം നാട്ടിലെ കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നാണ് വാൻസിന്റെ വാദം. വൈസ് പ്രസിഡന്റാകുന്നതിന് മുൻപ്, യുക്രെയ്‌നെ സഹായിക്കുന്നത് അമേരിക്കയുടെ ആയുധശേഖരത്തെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഇത് നമ്മുടെ യുദ്ധമല്ല’ എന്നായിരുന്നു അന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
ഇറാൻ വ്യോമസേനയെയും മിസൈൽ ശേഷിയെയും തകർത്തു എന്ന പെന്റഗണിന്റെ അവകാശവാദങ്ങൾ ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് വിരുദ്ധമാണ്. ഇറാന്റെ വ്യോമസേനയുടെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ചരക്ക് കപ്പലുകൾ പിടിച്ചെടുക്കാനും മൈനുകൾ വിന്യസിക്കാനും ശേഷിയുള്ള ചെറുകപ്പലുകൾ ഇറാൻ വീണ്ടും സജീവമാക്കിയിട്ടുണ്ട്. മാർച്ചിൽ ഇറാൻ ആകാശത്തിന്മേൽ പൂർണ നിയന്ത്രണം നേടിയെന്ന് ഹെഗ്സെത്ത് അവകാശപ്പെട്ടതിനു പിന്നാലെയാണ് ഏപ്രിലിൽ ഒരു അമേരിക്കൻ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടത്. ഇതിനു പുറമെ യുഎസ് സൈന്യം തകർത്തെന്ന് അവകാശപ്പെടുന്ന മിസൈൽ ലോഞ്ചറുകളും അതിവേഗത്തിൽ ഇറാൻ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും വാൻസ് വൈറ്റ് ഹൗസ് യോഗത്തിൽ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ട് പറയുന്നു.
വാൻസും ഹെഗ്സെത്തും 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് കണ്ണ് വെക്കുന്നുവെന്നതായുള്ള റിപ്പോർട്ടുകളും തർക്കത്തിന് ആക്കം കൂട്ടുന്നുണ്ട്. ഹെഗ്സെത്ത് സൈന്യത്തെ ‘മാഗാ’വൽക്കരിക്കാനും തീവ്ര വലതുപക്ഷ നിലപാടുകളിലൂടെ ട്രംപിന്റെ വിശ്വസ്തനായി തുടരാനും ശ്രമിക്കുമ്പോൾ, യുദ്ധം അമേരിക്കയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കരുതെന്ന നിലപാടിലാണ് വാൻസ്. വാൻസിന്റെ അടുത്ത സുഹൃത്തായ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോളിനെ ഹെഗ്സെത്ത് ഒതുക്കാൻ ശ്രമിക്കുന്നതായുള്ള ആരോപണവും ഉയരുന്നുണ്ട്.
യുദ്ധം പെട്ടെന്ന് ജയിക്കാമെന്ന പെന്റഗൺ പ്രവചനങ്ങൾ പാളിയതോടെ സമാധാന ചർച്ചകൾക്കായി വാൻസിനെ പാകിസ്ഥാനിലേക്ക് അയക്കാൻ ട്രംപ് തീരുമാനിച്ചിരുന്നു. എന്നാൽ, ഇറാൻ പിൻവാങ്ങിയതോടെ ആ നീക്കവും വെടിനിർത്തലും അനിശ്ചിതത്വത്തിലായി. അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര കലഹം ഇറാൻ യുദ്ധത്തെ കൂടുതൽ സങ്കീർണമാക്കുകയാണ്.