‘ഞാനില്ലെങ്കിൽ ഇസ്രയേൽ ഇല്ല; കഴിയില്ലെങ്കിൽ ഹിസ്ബുല്ലയെ സിറിയ നേരിടട്ടെ’; നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് ട്രംപ്
പാരിസ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലെബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ സൈനിക നീക്കത്തിൽ ഇസ്രയേൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും വളരെയധികം ആളുകൾ കൊല്ലപ്പെടുന്ന രീതിയിലുള്ള പ്രചാരണം നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കുന്നതെന്നും ജി 7 ഉച്ചകോടിയിൽ ട്രംപ് പറഞ്ഞു.
മറ്റുള്ളവരെയെല്ലാം കൊല്ലാതെ ഇസ്രയേലിന് ഈ ദൗത്യം പൂർത്തിയാക്കാൻ കഴിയില്ലെങ്കിൽ, ഹിസ്ബുല്ലയെ നേരിടാൻ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയെ അനുവദിക്കണമെന്ന് ട്രംപ് നിർദ്ദേശിച്ചു. ഷറ ഈ ജോലി കൂടുതൽ മികച്ച രീതിയിൽ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു പ്രസിഡന്റും ചെയ്യാത്ത കാര്യങ്ങളാണ് താൻ ഇസ്രയേലിനായി ചെയ്തതെന്നും, താനില്ലായിരുന്നെങ്കിൽ ഇസ്രയേൽ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ലെബനാൻ വിഷയത്തിൽ ഇസ്രയേലിന്റെ നിലപാടുകളിൽ താൻ സന്തുഷ്ടനല്ലെന്നും നെതന്യാഹുവുമായുള്ള ബന്ധം വഷളാകുന്നതിനിടെ ട്രംപ് വ്യക്തമാക്കി.