ഇറാന് കോളടിച്ചു! അമേരിക്ക നൽകുന്ന നഷ്ടപരിഹാരം 28.30 ലക്ഷം കോടി! 14 ഇന സമാധാന കരാറിൽ 13ഉം അനുകൂലം
ടെഹ്‌റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ രാഷ്ട്രീയസമവാക്യങ്ങളെ അടിമുടി മാറ്റിമറിച്ച ഇറാൻ യുദ്ധത്തിന്, അമേരിക്കയുമായുള്ള സമാധാന കരാറിലൂടെ ഏറെക്കുറെ തിരശ്ശീല വീണിരിക്കുകയാണ്. 14 ഇന വ്യവസ്ഥകൾ അടങ്ങിയ സമാധാന ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ കഴിഞ്ഞ ദിവസം ഡിജിറ്റലായി ഒപ്പുവച്ചത്. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കുക, അവരുടെ സൈനിക ശേഷി പൂർണമായി തകർക്കുക, ആണവശേഷി നശിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ അമേരിക്കയും ഇസ്രായേലും ഒത്തുചേർന്ന് നടത്തിയ ഏകദേശം നാല് മാസം നീണ്ട കടുത്ത യുദ്ധമാണ് ഒടുവിൽ ഇറാന്റെ വമ്പൻ നയതന്ത്ര വിജയത്തിൽ കലാശിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കരാർ സമ്പൂർണമായി ഇറാന് കോളടിച്ച മട്ടാണ്. യുദ്ധത്തിനുമുൻപ് അന്താരാഷ്ട്ര ഉപരോധത്താലും മറ്റും സാമ്പത്തികമായി മരവിച്ച ഇറാന് വലിയ ആശ്വാസം നൽകുന്നതാണു സമാധാന കരാർ. 14 പ്രധാന വ്യവസ്ഥകളിൽ 13-ഉം പൂർണമായി ഇറാന്റെ താൽപര്യങ്ങളെയും സാമ്പത്തിക ഭദ്രതയെയും പൂർണമായി സംരക്ഷിക്കുന്നവയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മൂന്ന് വ്യവസ്ഥകളാണ്. അന്താരാഷ്ട്ര ഉപരോധങ്ങൾ പിൻവലിക്കുകയും വിദേശത്തെ മരവിപ്പിച്ച സ്വത്തുക്കൾ തിരിച്ചുനൽകുകയും ചെയ്യുമെന്നതാണ് ഏറ്റവും സുപ്രധാനം. യുഎന്നും അന്താരാഷ്ട്ര ആണവോർജ ഏൻസിയും വിവിധ ലോകരാജ്യങ്ങളും പ്രഖ്യാപിച്ച ഉപരോധത്തിൽ ഇളവുകളുണ്ടാകും. അതിനായി അമേരിക്ക മുന്നിട്ടിറങ്ങുമെന്നും വ്യവസ്ഥയിൽ പറയുന്നു. ഇതിനു പുറമെ യുദ്ധം വരുത്തിവച്ച കെടുതികൾക്കു നഷ്ടപരിഹാരമായി അമേരിക്ക 300 ബില്യൻ ഡോളർ(ഏകദേശം 28.30 ലക്ഷം കോടി രൂപ) ഇറാനു നൽകുമെന്ന ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമുണ്ട്.
മുൻപ് പുറത്തുവന്ന പല റിപ്പോർട്ടുകളിലും ഇറാന്റെ ഭരണകൂടം തകരുമെന്ന തരത്തിലുള്ള അതിശയോക്തിപരമായ പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും, യാഥാർത്ഥ്യം നേരെ തിരിച്ചാണെന്ന് ഈ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. യുദ്ധക്കളത്തിൽ ഇറാന്റെ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾക്ക് മുന്നിൽ ഖത്തറിലെ യുഎസ് കമാൻഡ് സെന്ററും യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, സൗദി എന്നിവിടങ്ങളിലെ താവളങ്ങളും, ഇസ്രായേലിന്റെ സൈനിക താവളങ്ങളും തകർന്നതോടെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കടുത്ത നിബന്ധനകളോടെ ഇറാന് മുന്നിൽ വഴങ്ങേണ്ടി വരികയായിരുന്നുവെന്നാണു വിലയിരുത്തൽ.
അതിനിടെ, സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ ഇന്നു നടത്താനിരുന്ന അമേരിക്ക-ഇറാൻ തലവന്മാരുടെ നേരിട്ടുള്ള കൂടിക്കാഴ്ച മാറ്റിവച്ചിരിക്കുകയാണ്. തെക്കൻ ലബനാനിൽ ഇസ്രയേൽ സൈന്യം കടുത്ത വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാൻ തങ്ങളുടെ പ്രതിനിധി സംഘത്തെ അയക്കുന്നത് താൽക്കാലികമായി വൈകിപ്പിച്ചതോടെയാണ് സ്വിസ് വിദേശകാര്യ മന്ത്രാലയം ചർച്ചകൾ മാറ്റിവച്ചതായി അറിയിച്ചത്. എന്നാൽ, ഇതിനകം തന്നെ ഇരുരാജ്യങ്ങളും തമ്മിൽ 14 ഇന കരാറിൽ ഡിജിറ്റലായി ഒപ്പുവയ്ക്കുകയും അത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്.
ഇറാന് ലഭിച്ച ഈ വമ്പൻ ‘ലോട്ടറി’ കരാറിന്റെ ആഴത്തിലുള്ള വിശകലനം താഴെ നൽകുന്നു:
- എല്ലാ മുന്നണികളിലും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കൽ
കരാറിലെ വ്യവസ്ഥ: ഈ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതോടെ അമേരിക്കയും ഇറാനും അവരുടെ സഖ്യകക്ഷികളും ലബനാൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുന്നണികളിലെയും സൈനിക ഓപറേഷനുകൾ അടിയന്തരമായും സ്ഥിരമായും അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുന്നു. ഇനിമുതൽ പരസ്പരം യുദ്ധം ആരംഭിക്കുകയോ സൈനിക നീക്കങ്ങൾ നടത്തുകയോ ഇല്ലെന്നും, പരസ്പരം ഭീഷണിപ്പെടുത്തുന്നതിൽ നിന്നും ബലപ്രയോഗത്തിൽ നിന്നും വിട്ടുനിൽക്കുമെന്നും ലബനാന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ഉറപ്പുവരുത്തുമെന്നും ഇരുരാജ്യങ്ങളും ഏൽക്കുന്നു.
ഇറാന്റെ സൈനിക ശക്തിയെ തകർക്കാനിറങ്ങിയ അമേരിക്കൻ സഖ്യത്തിന്, ഇറാന്റെ മിസൈൽ പ്രഹരങ്ങൾക്ക് മുന്നിൽ ഒടുവിൽ കടുത്ത നിബന്ധനകളോടെ വെടിനിർത്തൽ പ്രഖ്യാപിക്കേണ്ടി വന്നു. ലബനാന്റെ അതിർത്തി സുരക്ഷ ഉറപ്പാക്കുമെന്ന വ്യവസ്ഥ യുഎസ് സമ്മതിച്ചത് ഇറാന്റെ പ്രൊക്‌സി ശക്തികൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്.
2. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ കയറി ഇടപെടില്ല
കരാറിലെ വ്യവസ്ഥ: ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്റെയും അമേരിക്കയുടെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ഇരുപക്ഷവും ബഹുമാനിക്കും. പരസ്പരം ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളിലോ ഭരണസംവിധാനത്തിലോ ഇടപെടുന്നതിൽ നിന്നും പൂർണമായി വിട്ടുനിൽക്കും.
യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും അമേരിക്കയിലെ കടുത്ത വലതുപക്ഷ നേതാക്കളും ഉയർത്തിക്കാട്ടിയത് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കുക എന്നതായിരുന്നു. എന്നാൽ, കരാറിലെ രണ്ടാമത്തെ വ്യവസ്ഥയിലൂടെ ഇറാന്റെ നിലവിലെ ഭരണസംവിധാനത്തിന്റെ പരമാധികാരത്തെ പെന്റഗണിന് ഔദ്യോഗികമായി അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇനിമേൽ ഇടപെടില്ലെന്ന് വൈറ്റ് ഹൗസ് എഴുതി ഒപ്പിടുന്നത് ഇറാൻ ഭരണകൂടത്തിന് ലഭിച്ച ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണ്.
- അന്തിമ കരാറിനായുള്ള സമയപരിധി
കരാറിലെ വ്യവസ്ഥ: അമേരിക്കയും ഇറാനും പരസ്പര സമ്മതത്തോടെ പരമാവധി 60 ദിവസത്തിനുള്ളിൽ സമഗ്രമായ ഒരു അന്തിമ കരാർ ചർച്ച ചെയ്ത് നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരാണ്. ആവശ്യകത മുൻനിർത്തി ഈ സമയപരിധി നീട്ടാവുന്നതാണ്.
വെറുമൊരു താൽക്കാലിക താൽപര്യമല്ല, മറിച്ച് പശ്ചിമേഷ്യയിൽ ഇറാന്റെ സാന്നിധ്യം അംഗീകരിച്ചുകൊണ്ട് ഒരു സ്ഥിരമായ അന്താരാഷ്ട്ര കരാറിലേക്ക് നീങ്ങാൻ അമേരിക്ക നിർബന്ധിതരായിരിക്കുകയാണ്.
- അമേരിക്കൻ നാവിക ഉപരോധം അവസാനിക്കുന്നു
കരാറിലെ വ്യവസ്ഥ: കരാർ ഒപ്പിടുന്നതോടെ അമേരിക്ക ഇറാന് നേരെയുള്ള നാവിക ഉപരോധം അവസാനിപ്പിക്കും. പകരമായി ഇറാൻ ഹോർമുസ് കടലിടുക്ക് വഴി അന്താരാഷ്ട്ര വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര അടുത്ത 60 ദിവസത്തേക്ക് യാതൊരുവിധ നികുതിയും ഈടാക്കാതെ ഉറപ്പുവരുത്തും. യുഎസ് സൈന്യം ഇറാന്റെ അതിർത്തികളിൽനിന്ന് 30 ദിവസത്തിനകം പിൻവാങ്ങും.
ആഗോള എണ്ണവ്യാപാരത്തിന്റെ നെടുംതൂണായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിക്കൊണ്ട് ഇറാൻ സൃഷ്ടിച്ച ആഗോള ഊർജ പ്രതിസന്ധിക്ക് മുന്നിൽ അമേരിക്കയ്ക്ക് ഒടുവിൽ നാവിക ഉപരോധം പിൻവലിക്കേണ്ടി വന്നു. കരാറിലെ ഏക വിട്ടുവീഴ്ചയായി ഇറാൻ സമ്മതിച്ചിരിക്കുന്നത് തങ്ങൾ ആണവായുധങ്ങൾ നിർമിക്കില്ലെന്ന മുൻ നിലപാട് ആവർത്തിക്കുന്നതും തങ്ങളുടെ പക്കലുള്ള 60% സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിൽ വീര്യം കുറയ്ക്കാമെന്നതുമാണ്. എന്നാൽ ആണവ സാങ്കേതികവിദ്യയിൽ ഇതിനകം പൂർണമായ അറിവ് നേടിയെടുത്ത ഇറാനെ സംബന്ധിച്ചിടത്തോളം, ഈ താൽക്കാലിക വിട്ടുവീഴ്ച വലിയൊരു നഷ്ടമല്ല.
- ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്
കരാറിലെ വ്യവസ്ഥ: കരാർ ഒപ്പിടുന്നതോടെ പേർഷ്യൻ ഗൾഫ് മുതൽ ഒമാൻ കടൽ വരെയുള്ള ഭാഗങ്ങളിലൂടെ വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്കായി ഇറാൻ 60 ദിവസത്തേക്ക് യാതൊരുവിധ നികുതിയും ഈടാക്കാതെ സൗകര്യമൊരുക്കും. സാങ്കേതിക-സൈനിക തടസ്സങ്ങളും മൈനുകളും നീക്കം ചെയ്തുകൊണ്ട് 30 ദിവസത്തിനകം പൂർണ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കും. ഹോർമുസ് കടലിടുക്കിന്റെ ഭാവി ഭരണസംവിധാനത്തെയും സമുദ്ര സേവനങ്ങളെയും കുറിച്ച് ഇറാൻ ഒമാനുമായും മറ്റ് തീരദേശ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര നിയമപ്രകാരം ചർച്ചകൾ നടത്തും.
ലോകത്തിന്റെ ആകെ ഊർജ വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ പരമാധികാരവും അവകാശങ്ങളും അമേരിക്ക പൂർണമായി സമ്മതിച്ചിരിക്കുന്നു. ഈ തന്ത്രപ്രധാന പാതയുടെ ഭാവി നിയന്ത്രണം പൂർണമായും ഇറാന്റെ കൈകളിലേക്ക് ഒതുങ്ങുകയാണ്.
- ഇറാന്റെ പുനർനിർമാണത്തിന് യുഎസ് നഷ്ടപരിഹാരം
കരാറിലെ വ്യവസ്ഥ: യുദ്ധക്കെടുതിനിന്ന് ഇറാന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി അമേരിക്കയും അവരുടെ പ്രാദേശിക പങ്കാളികളും ഒത്തുചേർന്ന് കുറഞ്ഞത് 300 ബില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 28.30 ലക്ഷം കോടി രൂപ) നിക്ഷേപ-വികസന പദ്ധതി ഉറപ്പുവരുത്തും.
ഇറാനെ സാമ്പത്തികമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഇറാന്റെ വ്യവസായശാലകളിലും റഡാർ കേന്ദ്രങ്ങളിലും ബോംബിട്ടത്. എന്നാൽ കരാറിലെ 300 ബില്യൺ ഡോളറിന്റെ വമ്പൻ പാക്കേജ് ഇറാന് ലഭിച്ച സമാനതകളില്ലാത്ത നേട്ടമാണ്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കിയതനുസരിച്ച്, ഈ തുക യുഎസ് നികുതിപ്പണത്തിൽനിന്നല്ല, മറിച്ച് ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ സ്വകാര്യ കമ്പനികളുടെ നിക്ഷേപങ്ങളായും വായ്പകളായും ഇറാന് ലഭ്യമാക്കുന്ന ഫണ്ടാണ്. യുദ്ധത്തിൽ തകർന്ന ഇറാന്റെ മൊബാറകേ സ്റ്റീൽ കോംപ്ലക്‌സ്, എണ്ണ ശുദ്ധീകരണശാലകൾ, വിമാനത്താവളങ്ങൾ എന്നിവയുടെ പുനർനിർമാണത്തിന് ഈ വൻ തുക വിനിയോഗിക്കാം. അന്താരാഷ്ട്രതലത്തിൽ ഇതൊരു ‘യുദ്ധ നഷ്ടപരിഹാരമായി’ വിലയിരുത്തപ്പെടും.
- അന്താരാഷ്ട്ര ഉപരോധങ്ങളെല്ലാം പിൻവലിക്കും
കരാറിലെ വ്യവസ്ഥ: യുഎൻ രക്ഷാസമിതി പാസാക്കിയ പ്രമേയങ്ങൾ, അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) ബോർഡ് ഓഫ് ഗവർണേഴ്‌സ് പ്രമേയങ്ങൾ, അമേരിക്കയുടെ പ്രൈമറി-സെക്കൻഡറി ഏകപക്ഷീയമായ ഉപരോധങ്ങൾ എന്നിവയെല്ലാം കൃത്യമായ സമയപരിധിക്കുള്ളിൽ പൂർണമായി പിൻവലിക്കും.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ കൈകാലുകൾ കെട്ടിയിട്ടിരുന്ന അന്താരാഷ്ട്ര ഉപരോധങ്ങളുടെ ചങ്ങലകളാണ് ഈ ഒരൊറ്റ വ്യവസ്ഥയിലൂടെ അറ്റുവീഴുന്നത്. 60 ദിവസത്തെ ചർച്ചകൾക്ക് ശേഷം ഒപ്പുവയ്ക്കുന്ന അന്തിമ കരാറോടെ ഉപരോധങ്ങൾ നീങ്ങുന്നതോടെ ഇറാനിലേക്ക് ആഗോള നിക്ഷേപങ്ങൾ ഒഴുകിയെത്തും. റഷ്യക്കും ചൈനയ്ക്കും പുറമെ ലോകരാജ്യങ്ങളുമായി പരസ്യമായ സാങ്കേതികവിദ്യ-വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടാൻ ഇറാന് ഇനി യാതൊരു തടസ്സവുമുണ്ടാകില്ല.
- ആണവ വ്യവസ്ഥ
കരാറിലെ വ്യവസ്ഥ: തങ്ങൾ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഇറാൻ വീണ്ടും സാക്ഷ്യപ്പെടുത്തുന്നു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കഅഋഅയുടെ മേൽനോട്ടത്തിൽ അതത് സ്ഥലങ്ങളിൽ വെച്ച് തന്നെ വീര്യം കുറയ്ക്കുന്നതിനുള്ള സംവിധാനം ഇരുപക്ഷവും തീരുമാനിക്കും. ഇറാന്റെ ആണവ ആവശ്യങ്ങൾക്കനുസരിച്ചുള്ള യുറേനിയം സമ്പുഷ്ടീകരണത്തിന്റെ ഭാവി അന്തിമ കരാറിൽ ചർച്ച ചെയ്യും.
കരാറിൽ ഇറാന് ഏതെങ്കിലും തരത്തിൽ തിരിച്ചടിയായേക്കാവുന്ന വ്യവസ്ഥയെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ആണവ സാങ്കേതികവിദ്യയിൽ ഇതിനകം പൂർണ്ണമായ അറിവ് നേടിയെടുത്ത ഇറാനെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ മണ്ണിൽ വെച്ച് തന്നെ യുറേനിയത്തിന്റെ വീര്യം കുറയ്ക്കാമെന്നത് വലിയൊരു നഷ്ടമല്ല. യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് കടത്തണമെന്ന യുഎസിന്റെ കടുത്ത ആവശ്യം ഇറാൻ വിജയകരമായി വെട്ടി മാറ്റി.
- തൽസ്ഥിതി നിലനിർത്തൽ
കരാറിലെ വ്യവസ്ഥ: അന്തിമ കരാർ ഉണ്ടാകുന്നത് വരെ ഇരുരാജ്യങ്ങളും നിലവിലെ സ്ഥിതി തുടരും. ഇറാൻ തങ്ങളുടെ ആണവ പദ്ധതിയുടെ നിലവിലെ അവസ്ഥ നിലനിർത്തുമ്പോൾ, അമേരിക്ക ഇറാന് മേൽ പുതിയ ഉപരോധങ്ങൾ ഒന്നും തന്നെ ചുമത്തില്ലെന്നും മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കില്ലെന്നും ഉറപ്പുനൽകുന്നു.
ചർച്ചകൾ നടക്കുന്ന 60 ദിവസത്തിനുള്ളിൽ അമേരിക്കയുടെ ഭാഗത്തുനിന്നും യാതൊരുവിധ സാമ്പത്തിക പ്രകോപനങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ഇതിലൂടെ ഇറാന് കഴിഞ്ഞു.
- ഇറാൻ പെട്രോളിയം, ക്രൂഡ് ഓയിൽ ഉൽപന്നങ്ങൾക്ക് ഇളവ്
കരാറിലെ വ്യവസ്ഥ: അന്തിമമായി ഉപരോധങ്ങൾ നീക്കുന്ന തീയതി വരെ, ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതി തടസമില്ലാതെ നടത്തുന്നതിനായി യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് അടിയന്തരമായി ഇളവുകൾ അനുവദിക്കും. ഇതോടൊപ്പം ബാങ്കിങ്, ഇൻഷുറൻസ്, ട്രാൻസ്‌പോർട്ട് സേവനങ്ങളും പുനഃസ്ഥാപിക്കും.
ഇറാന്റെ ജീവനാഡിയായ എണ്ണവ്യാപാരത്തെ തടഞ്ഞ് അവരെ പട്ടിണിക്കിടുക എന്നതായിരുന്നു യുഎസിന്റെ പ്രധാന തന്ത്രം. ഇതിനായി ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേന ഏർപ്പെടുത്തിയ നാവിക ഉപരോധം 30 ദിവസത്തിനകം അമേരിക്കയ്ക്ക് പൂർണമായി പിൻവലിക്കേണ്ടി വരും. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിപണിയായ ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇനി മുതൽ ആഗോള വിപണിയിൽ ഡോളർ നിയന്ത്രണങ്ങളില്ലാതെ വിൽക്കാൻ ഇറാന് കഴിയും. ഇത് ഇറാന്റെ ഖജനാവിലേക്ക് ശതകോടികളുടെ വരുമാനമാണ് എത്തിക്കാൻ പോകുന്നത്.
- മരവിപ്പിക്കപ്പെട്ട ഇറാൻ സ്വത്തുക്കൾ തിരിച്ചുനൽകും
കരാറിലെ വ്യവസ്ഥ: അമേരിക്കൻ, വിദേശ ബാങ്കുകളിൽ നിലവിൽ മരവിപ്പിക്കപ്പെട്ടിരിക്കുന്നതോ നിയന്ത്രിക്കപ്പെട്ടിരിക്കുന്നതോ ആയ ഇറാന്റെ ശതകോടിക്കണക്കിന് ഡോളർ വരുന്ന പരമാധികാര സ്വത്തുക്കളും ഫണ്ടുകളും കരാർ നിലവിൽ വരുന്നതോടെ ഇറാന് പൂർണമായി ലഭ്യമാക്കും. ഇറാന്റെ സെൻട്രൽ ബാങ്കിന് ഈ തുക സ്വതന്ത്രമായി ഉപയോഗിക്കാം.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം അമേരിക്കയും സഖ്യകക്ഷികളും പിടിച്ചുവച്ചിരുന്ന ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ വിദേശ നിക്ഷേപങ്ങളാണ് (ആദ്യഘട്ടത്തിൽ 25 ബില്യൺ ഡോളർ) ഒടുവിൽ ഇറാന്റെ കൈകളിൽ തിരിച്ചെത്തുന്നത്. ഈ പണം ലഭിക്കുന്നതോടെ മിഡിലീസ്റ്റിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറാൻ ഇറാന് കഴിയും. തങ്ങളുടെ ആഭ്യന്തര വികസനത്തിന് പുറമെ, മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികൾക്ക് കൂടുതൽ ശക്തമായ പിന്തുണ നൽകാൻ ഈ ഫണ്ടുകൾ ഇറാനെ സഹായിക്കും.
- എക്‌സിക്യൂട്ടീവ് നിരീക്ഷണ സംവിധാനം
കരാറിലെ വ്യവസ്ഥ: ഈ ധാരണാപത്രത്തിന്റെ വിജയകരമായ നടപ്പാക്കലും ഭാവിയിലെ അന്തിമ കരാറിന്റെ പാലനവും നിരീക്ഷിക്കുന്നതിനായി ഇരുരാജ്യങ്ങളും ചേർന്ന് ഒരു സംയുക്ത എക്‌സിക്യൂട്ടീവ് സംവിധാനം രൂപീകരിക്കും.
അമേരിക്ക കരാർ വ്യവസ്ഥകൾ ലംഘിക്കാതിരിക്കാൻ അന്താരാഷ്ട്രതലത്തിൽ ഒരു ഔദ്യോഗിക നിരീക്ഷണ സമിതി ഉറപ്പാക്കാൻ ഇതിലൂടെ ഇറാന് സാധിച്ചു.
- അടുത്ത ഘട്ട ചർച്ചകൾക്കുള്ള അടിത്തറ
കരാറിലെ വ്യവസ്ഥ: ഈ ധാരണാപത്രത്തിൽ ഒപ്പുവച്ചതിന് ശേഷവും 1, 4, 5, 10, 11 എന്നീ ആർട്ടിക്കിളുകളുടെ നടപ്പാക്കൽ ആരംഭിക്കുന്നതിനും തുടരുന്നതിനും വിധേയമായി, അമേരിക്കയും ഇറാനും ബാക്കിയുള്ള മറ്റ് ആർട്ടിക്കിളുകളിൽ മാത്രമായി അന്തിമ കരാറിനായുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകും.
തങ്ങൾക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുള്ള എണ്ണവ്യാപാരവും മരവിപ്പിച്ച സ്വത്തുക്കളും റിലീസ് ചെയ്തതിന് ശേഷം മാത്രമേ മറ്റ് രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കൂ എന്ന ഇറാന്റെ ശക്തമായ തന്ത്രമാണ് ഇതിലൂടെ വിജയിച്ചത്.
- യുഎൻ രക്ഷാസമിതിയുടെ അന്തിമ അംഗീകാരം
കരാറിലെ വ്യവസ്ഥ: ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കുന്ന അന്തിമ കരാർ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ നിയമപരമായ പ്രമേയത്തിലൂടെയായിരിക്കും ഔദ്യോഗികമായി അംഗീകരിക്കുക.
ഭാവിയിൽ അമേരിക്കൻ ഭരണകൂടം മാറിയാൽ പോലും ഈ കരാറിൽനിന്നു പെട്ടെന്ന് ഏകപക്ഷീയമായി പിന്മാറാൻ യുഎസിന് കഴിയില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ പൂർണ പരിരക്ഷ ഇതോടെ ഇറാന് ഈ കരാറിലൂടെ ലഭിക്കും.