02/09/2026
[fontresizer_tawhidurrahmandear_widget]

‘ഒരു പാർട്ടിയുടെയും ആളല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കാനാണ് പഠിച്ചിട്ടുള്ളത്’; ‘സംഘി’ വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ മാധവൻ

 ‘ഒരു പാർട്ടിയുടെയും ആളല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കാനാണ് പഠിച്ചിട്ടുള്ളത്’; ‘സംഘി’ വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ മാധവൻ

മാധവൻ

കൊച്ചി: തനിക്കെതിരെ ഉയരുന്ന സോഷ്യൽ മീഡിയ ട്രോളുകൾക്കും പ്രൊപ്പഗാൻഡ ആരോപണങ്ങൾക്കും മറുപടിയുമായി പ്രമുഖ നടൻ ആർ. മാധവൻ. തന്നെ ‘സംഘി’ എന്ന് വിളിക്കുന്നതിനെക്കുറിച്ചും, ‘ധുരന്ധർ’, ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്’ എന്നീ സിനിമകൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. താൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ചെറുപ്പം മുതലേ സ്വന്തം രാജ്യത്തെ സ്നേഹിക്കാനാണ് പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പുതിയ ചിത്രമായ ‘GDN’-ന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മാധവൻ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. യഥാർത്ഥ വിമർശകരെയും പണം നൽകി പ്രവർത്തിപ്പിക്കുന്ന ബോട്ടുകളെയും വേർതിരിച്ചറിയാൻ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിയും അവരുടെ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നും, രാജ്യത്തിൽ വിശ്വസിക്കാനാണ് താൻ പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ ഒരു പാർട്ടിക്കോ അതിൻ്റെ നേതാക്കൾക്കെതിരെയോ ഒന്നും പങ്കുവെച്ചിട്ടില്ല. ആരെങ്കിലും നല്ലത്‌ ചെയ്‌തിട്ടുണ്ടെങ്കിൽ, ഞാൻ അതിന് പ്രചാരണം നൽകാറുണ്ട്. ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയി ഒരാൾ തിരഞ്ഞെടുക്കപ്പെടുമ്പോൾ, അവരെ പിന്തുണയ്ക്കുന്നത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു. ഞാൻ കമൻ്റുകൾ വായിക്കാറുണ്ട്, പക്ഷേ അത് എൻ്റെ തീരുമാനങ്ങളെ ബാധിക്കില്ല. ആരെങ്കിലും അതിനെക്കുറിച്ച് എന്നെ മോശമായി തോന്നിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവരുടെ ഉദ്ദേശ്യത്തെ ഞാൻ ചോദ്യം ചെയ്യും,” മാധവൻ വ്യക്തമാക്കി.

പാകിസ്താൻ പശ്ചാത്തലമാക്കി നിർമ്മിച്ച ‘ധുരന്ധർ’ എന്ന ചിത്രം എങ്ങനെയാണ് സർക്കാർ അനുകൂല പ്രചരണമാകുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും മാധവൻ പറഞ്ഞു. ‘റോക്കട്രി’യിൽ നമ്പി നാരായണൻ പ്രാർത്ഥിക്കുന്നത് കാണിച്ചത് അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ ദൈവവിശ്വാസി ആയതുകൊണ്ടാണ്. ഒരു നടനെന്ന നിലയിൽ കഥാപാത്രത്തിന്റെ യഥാർത്ഥ സ്വഭാവത്തോട് വിശ്വസ്തത പുലർത്തുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ജി.ഡി നായിഡു ഒരു നിരീശ്വരവാദിയാണെങ്കിൽ, ഞാൻ കഥാപാത്രത്തോട് സത്യസന്ധത പുലർത്തണം. ഞാൻ അദ്ദേഹത്തെ പ്രാർത്ഥിക്കുന്നതായി കാണിക്കുന്നില്ല. ഞാൻ ഒരു നടനാണ്; കഥാപാത്രം എന്താണോ അത് ചിത്രീകരിക്കുക എന്നതാണ് എൻറെ ജോലി. ഇന്ത്യയെക്കുറിച്ചുള്ള നല്ല കാര്യങ്ങൾ വർധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ഒരു കുറ്റമാകില്ല എന്നാണ് എന്റെറെ വ്യക്തിപരമായ അഭിപ്രായം,” മാധവൻ വ്യക്തമാക്കി.

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവായ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതം പറയുന്ന ‘GDN’ ആണ് റിലീസിന് ഒരുങ്ങുന്ന മാധവന്റെ പുതിയ ചിത്രം. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പ്രമുഖ പരസ്യ സംവിധായകനായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് 7-ന് തീയേറ്ററുകളിലെത്തും. സത്യരാജ്, പ്രിയാമണി, ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Also read: