സബ്സിഡി അരി മറിച്ചുവിട്ട് 22,000 കോടിയുടെ അഴിമതി; ഡൽഹിയിലെ ബി.ജെ.പി സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി
ന്യൂഡൽഹി: ഡൽഹിയിൽ ബി.ജെ.പി സർക്കാരിന്റെ സബ്സിഡി അരി വിതരണത്തിൽ വൻ അഴിമതി നടന്നതായി ആം ആദ്മി പാർട്ടി. പാവപ്പെട്ടവർക്ക് നൽകാൻ സബ്സിഡി നിരക്കിൽ വാങ്ങി നൽകേണ്ട ഭക്ഷ്യധാന്യം ഹരിയാനയിലെ സ്വകാര്യ കമ്പനിക്ക് മറിച്ചുവിട്ട് മൂന്ന് വർഷത്തിനിടെ 22,000 കോടി രൂപയുടെ തട്ടിപ്പാണ് ലക്ഷ്യമിട്ടതെന്ന് ആപ് നേതാവ് സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഡൽഹിയിലെ സാധാരണക്കാർക്കും നിർധനർക്കും വിതരണം ചെയ്യാനെന്ന പേരിൽ രേഖാ ഗുപ്ത സർക്കാരും അസം ആസ്ഥാനമായുള്ള കോർപ്പറേഷനും ചേർന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്.സി.ഐ) നിന്ന് സബ്സിഡി നിരക്കിൽ അരി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആഴ്ചയിൽ 31,000 മെട്രിക് ടൺ അരി വീതം വാങ്ങിയിട്ടും അർഹരായ ഉപഭോക്താക്കൾക്ക് ഒരു പിടി ധാന്യം പോലും ലഭിച്ചില്ലെന്നും, പകരം ഇത് ഹരിയാനയിലെ സ്വകാര്യ സ്ഥാപനത്തിന് മറിച്ചുവിൽക്കുകയാണെന്നും പാർട്ടി വ്യക്തമാക്കുന്നു.
കിലോഗ്രാമിന് 23.20 രൂപ നിരക്കിൽ എഫ്.സി.ഐയിൽ നിന്ന് കൈപ്പറ്റിയ അരി, ഹരിയാനയിലെ സ്വകാര്യ കമ്പനിക്ക് തുറന്ന വിപണിയിൽ കിലോക്ക് 46 രൂപയ്ക്കാണ് മറിച്ചുവിറ്റത്. കിലോക്ക് 23 രൂപ വീതം ഇടനില ലാഭം കൊയ്ത് ആഴ്ചതോറും 143 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിവരുന്നത്. മൂന്ന് വർഷത്തേക്ക് നടപ്പിലാക്കാൻ പദ്ധതിയിട്ട ഈ ക്രമക്കേടിലൂടെ ആകെ 22,000 കോടി രൂപയുടെ അനധികൃത പണം സ്വരൂപിക്കാനാണ് ബി.ജെ.പി സർക്കാർ ലക്ഷ്യമിട്ടതെന്നും ആപ് നേതാക്കൾ ചൂണ്ടിക്കാണിച്ചു. വാർത്താസമ്മേളനത്തിൽ ആപ് എം.എൽ.എ സഞ്ജീവ് ഝായും പങ്കെടുത്തു. വിഷയവുമായി ബന്ധപ്പെട്ട രേഖകൾ പൊതുസമക്ഷത്തിൽ ഹാജരാക്കുമെന്നും സർക്കാർ സംഭവത്തിൽ വ്യക്തത വരുത്തണമെന്നും ആപ് ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങളോട് ബി.ജെ.പിയോ എഫ്.സി.ഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.