04/09/2026
[fontresizer_tawhidurrahmandear_widget]

യൂണിഫോം സിവിൽ കോഡ് ബില്ലിന് അംഗീകാരം നൽകി രാജസ്ഥാൻ മന്ത്രിസഭ; ബഹുഭാര്യത്വ നിരോധനം, വിവാഹവും ലിവിങ് ടുഗെദറും നിർബന്ധമായും രജിസ്റ്റർ ചെയ്യണം

 യൂണിഫോം സിവിൽ കോഡ് ബില്ലിന് അംഗീകാരം നൽകി രാജസ്ഥാൻ മന്ത്രിസഭ; ബഹുഭാര്യത്വ നിരോധനം, വിവാഹവും ലിവിങ് ടുഗെദറും നിർബന്ധമായും രജിസ്റ്റർ ചെയ്യണം

ജയ്പൂർ: രാജസ്ഥാനിൽ യൂണിഫോം സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കുന്നതിനുള്ള കരട് ബില്ലിന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഔദ്യോഗികമായി അംഗീകാരം നൽകി. സംസ്ഥാനത്തെ എല്ലാ മതവിഭാഗങ്ങൾക്കും വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ലിവിങ് ടുഗെദർ എന്നിവയിൽ തുല്യമായ പൊതുനിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ.

ആഗസ്റ്റ് 20-ന് ആരംഭിക്കുന്ന രാജസ്ഥാൻ നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. നിയമസഭ പാസാക്കുന്നതോടെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ബി.ജെ.പി ഭരണത്തിലുള്ള ഏറ്റവും പുതിയ സംസ്ഥാനമായി രാജസ്ഥാൻ മാറും. ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ യു.സി.സി നിയമങ്ങളും വ്യവസ്ഥകളും വിശദമായി പരിശോധിച്ച ശേഷമാണ് രാജസ്ഥാനിലെ കരട് ബിൽ തയ്യാറാക്കിയതെന്ന് പാർലമെന്ററി കാര്യ മന്ത്രി ജോഗാറാം പട്ടേൽ വ്യക്തമാക്കി.

ബഹുഭാര്യാത്വം പൂർണ്ണമായും നിരോധിക്കുക എന്നതാണ് ഈ ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന്. അതത് സമുദായങ്ങളുടെ പരമ്പരാഗത ആചാരപ്രകാരം വിവാഹം നടത്തുന്നതിന് തടസ്സമുണ്ടാകില്ലെങ്കിലും, എല്ലാ വിവാഹങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടിവരും. നിയമം പ്രാബല്യത്തിൽ വന്ന ശേഷം നടക്കുന്ന എല്ലാ വിവാഹങ്ങളും 60 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തില്ല എന്നതുകൊണ്ട് മാത്രം വിവാഹം അസാധുവാകില്ലെങ്കിലും, കൃത്യസമയത്ത് രജിസ്ട്രേഷൻ നടത്താത്തവർക്ക് 10,000 രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. നോട്ടീസ് നൽകിയിട്ടും രജിസ്റ്റർ ചെയ്യാതിരുന്നാൽ പിഴത്തുക 25,000 രൂപ വരെയായി ഉയർന്നേക്കാം. ഇതിനുപുറമെ, സർക്കാർ ജീവനക്കാർ തങ്ങളുടെ സർവീസ് രേഖകളുടെ ഭാഗമായി വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കേണ്ടി വരും.

ലിവിങ് ടുഗെദർ ബന്ധങ്ങൾക്കും പുതിയ നിയമത്തിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുമിച്ചു ജീവിക്കാൻ തുടങ്ങുമ്പോഴും ആ ബന്ധം അവസാനിപ്പിക്കുമ്പോഴും പങ്കാളികൾ അക്കാര്യം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയോ രേഖാമൂലം അധികൃതരെ അറിയിക്കുകയോ ചെയ്യണം. ഇരു പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവാഹമോചന നടപടികൾ രജിസ്റ്റർ ചെയ്യുന്നതിനും ദാമ്പത്യ തർക്കങ്ങൾ പരിഹരിക്കുന്നതിനും ബിൽ പ്രത്യേക ചട്ടങ്ങൾ നിഷ്കർഷിക്കുന്നുണ്ട്. വിവാഹമോ വിവാഹമോചനമോ രജിസ്റ്റർ ചെയ്യാൻ അപേക്ഷ ലഭിച്ചാൽ 15 ദിവസത്തിനകം രജിസ്ട്രാർ സർട്ടിഫിക്കറ്റ് നൽകുകയോ, അപേക്ഷ നിരസിക്കുകയാണെങ്കിൽ അതിനുള്ള കാരണം രേഖാമൂലം വ്യക്തമാക്കുകയോ ചെയ്യണം.

മതവ്യത്യാസമില്ലാതെ ആൺമക്കൾക്കും പെൺമക്കൾക്കും മാതാപിതാക്കളുടെ സ്വത്തിൽ തുല്യ അവകാശം ഉറപ്പുനൽകുന്നു എന്നതാണ് മറ്റൊരു സുപ്രധാന വ്യവസ്ഥ. വിൽപത്രം എഴുതിവെക്കാതെ ഒരാൾ മരണപ്പെട്ടാൽ സ്വത്ത് ഭാഗം വെക്കുന്നതിനുള്ള വ്യക്തമായ നിയമങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിർബന്ധിച്ചോ വഞ്ചിച്ചോ സമ്മതം വാങ്ങിയുള്ള വിവാഹങ്ങളും പുതിയ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു നടത്തുന്ന വിവാഹങ്ങളും അസാധുവായി പ്രഖ്യാപിക്കാൻ കോടതിക്ക് അധികാരമുണ്ടായിരിക്കും. എന്നാൽ, ഭരണഘടന പ്രകാരം ആചാരപരമായ പ്രത്യേക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുള്ള പട്ടികവർഗ്ഗ (എസ്.ടി) വിഭാഗങ്ങൾക്കും മറ്റ് പ്രത്യേക ജനവിഭാഗങ്ങൾക്കും ഈ നിയമം ബാധകമായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്വതന്ത്ര ഇന്ത്യയിൽ 2025-ൽ ഉത്തരാഖണ്ഡാണ് ആദ്യമായി യു.സി.സി നടപ്പിലാക്കിയത്. ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഇതിനായുള്ള നിയമനിർമ്മാണ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ ലക്ഷ്യങ്ങളിലൊന്നായ ഏകീകൃത സിവിൽ കോഡ് നിയമമാകുന്നതോടെ രാജസ്ഥാനിൽ നിലവിലുള്ള പ്രത്യേക മതപരമായ വ്യക്തിനിയമങ്ങൾക്ക് പകരമായി പൗരന്മാർക്കെല്ലാം ബാധകമായ പൊതുനിയമം പ്രാബല്യത്തിൽ വരും.

Also read: