‘സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത്, രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകൾ’; അധിക്ഷേപവുമായി മെൻസ് അസോസിയേഷൻ പ്രസിഡണ്ട്; ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന വനിതകളുടെ രാത്രി നടത്തത്തിനെതിരെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങളുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്താണെന്നും രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകളാണെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് എസ് കുമാർ അധിക്ഷേപിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഈ വിവാദ പരാമർശങ്ങൾ. സംഭവത്തിൽ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ വ്യക്തമാക്കി.
സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ‘റീസർജ് – സേഫ് വുമൻ സേഫ് കേരള’ എന്ന പേരിൽ നഗരത്തിൽ ഇന്ന് രാത്രിയാണ് വനിതകളുടെ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്. ഈ പരിപാടിക്കെതിരെയാണ് എസ് കുമാർ അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങൾ നടത്തിയത്. സ്ത്രീകളെ അധിക്ഷേപിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു.
ഇന്ന് രാത്രി 9.30 മുതൽ തിരുവനന്തപുരം എം.ജി റോഡിൽ യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയാണ് റീസർജ് പരിപാടി നടക്കുന്നത്. യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്.
പ്രിയപ്പെട്ട സഹോദരന്മാർ ഉൾപ്പെടെ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും പ്രവേശനം തികച്ചും സൗജന്യമാണെന്നും മന്ത്രി ബിന്ദുകൃഷ്ണ വാർത്താസമ്മേളനത്തിലും കുറിപ്പിലൂടെയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയെയും സ്ത്രീകളെയും ഒന്നടങ്കം അപമാനിച്ച് മെൻസ് അസോസിയേഷൻ വീഡിയോയുമായി രംഗത്തെത്തിയത്.