വീണ്ടും അഫ്ഗാനെ വിറപ്പിച്ച് വന്‍ ഭൂകമ്പം; 20 മരണം, 300 പേർക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് വടക്കൻ മേഖലയിൽ വീണ്ടും വന്‍ ഭൂകമ്പം. ഇന്നു രാവിലെ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 20 പേർ കൊല്ലപ്പെട്ടു. 320 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിക്കുന്നു.
ഭൂചലനത്തില്‍ മസാറേ ഷെരീഫിലും ബാല്‍ക്ക് പ്രവിശ്യയിലും സമീപത്തുള്ള സമന്‍ഗൻ പ്രവിശ്യയിലും വ്യാപകമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. മസാറേ ഷെരീഫിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശസ്തമായ ‘ബ്ലൂ മോസ്കി’നു സാരമായ കേടുപാടുകള്‍ സംഭവിച്ചു. വിനോദസഞ്ചാര കേന്ദ്രമായ 15-ാം നൂറ്റാണ്ടിലെ ഈ പള്ളിയുടെ മിനാരങ്ങൾ ഉള്‍പ്പെടെ അടർന്ന് നിലത്ത് വീണതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
യു.എസ് ജിയോളജിക്കൽ സർവേ നൽകുന്ന വിവരമനുസരിച്ച്, മസാറേ ഷെരീഫിന് സമീപം 28 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. നേരത്തെ, യുഎസ്ജിഎസ് തങ്ങളുടെ പേജര്‍ സിസ്റ്റത്തിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു.
ദുരന്തഭൂമിയില്‍ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാശനഷ്ടങ്ങളുടെയും അപകടങ്ങളുടെയും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ, 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനെ വിറപ്പിച്ചിരുന്നു. സംഭവത്തില്‍ 2,200 പേരാണു കൊല്ലപ്പെട്ടത്. ഇന്ത്യൻ, യുറേഷ്യൻ ടെക്‌റ്റോണിക് പ്ലേറ്റുകൾ ഒരുമിക്കുന്ന പ്രദേശത്തായതുകൊണ്ട് അഫ്ഗാനിസ്താന്‍ ഭൂകമ്പ സാധ്യത കൂടുതലുള്ള രാജ്യമാണ്.