‘ക്ഷേത്രഭൂമിയിൽ അതിക്രമിച്ചു കയറി’; സ്വാതന്ത്ര്യദിനാഘോഷത്തിൽ ബിജെപിക്കെതിരെ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്
തൃശൂർ: ഹൈക്കോടതി വിലക്ക് ലംഘിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച ബിജെപി പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്. ക്ഷേത്രഭൂമിയിൽ അതിക്രമിച്ചു കയറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോർഡ് പരാതി നൽകിയത്. സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കണമെന്നും ബോർഡ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തേക്കിൻകാട് മൈതാനം രാഷ്ട്രീയ പരിപാടികൾക്കായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ബിജെപി പ്രവർത്തകർ ക്ഷേത്ര മൈതാനിയിൽ അതിക്രമിച്ചു കയറി പരിപാടി നടത്തിയത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി സമാന്തരമായി ഈ ആഘോഷം സംഘടിപ്പിച്ചത്.
മന്ത്രി ഒ.ജെ ജെനീഷ് പങ്കെടുക്കുന്ന ജില്ലാതല ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയായിരുന്നു തൊട്ടടുത്ത് ബിജെപിയുടെ ഈ പ്രതിഷേധ പരിപാടി. ബിജെപിയുടെ നടപടിക്കെതിരെ മന്ത്രി ഒ.ജെ ജെനീഷ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എമ്മും ബിജെപിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.