04/09/2026
[fontresizer_tawhidurrahmandear_widget]

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; വാഹനം ഒതുക്കിനിർത്തി കുട്ടികളെ സുരക്ഷിതരാക്കി പിന്നാലെ കുഴഞ്ഞുവീണു; പ്രീ സ്കൂൾ വാൻ ഡ്രൈവർക്ക് കണ്ണീരോടെ വിട

 യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; വാഹനം ഒതുക്കിനിർത്തി കുട്ടികളെ സുരക്ഷിതരാക്കി പിന്നാലെ കുഴഞ്ഞുവീണു; പ്രീ സ്കൂൾ വാൻ ഡ്രൈവർക്ക് കണ്ണീരോടെ വിട

ആലുവ: സ്വന്തം ജീവൻ നഷ്ടപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുൻപും വാഹനത്തിലുണ്ടായിരുന്ന പിഞ്ചുകുട്ടികളുടെ സുരക്ഷ ഉറപ്പാക്കി പ്രീ സ്‌കൂൾ വാൻ ഡ്രൈവർ യാത്രയായി. കമ്പനിപ്പടി ഫസ്റ്റ് ക്രൈ ഇൻറലിറ്റോസ് പ്രീ സ്കൂളിലെ ഡ്രൈവറായ കോളനിപ്പടി കരിങ്ങാട്ടിൽ ജോജു സാമുവൽ (അനി-61) ആണ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ചത്. വാഹനമോടിക്കുന്നതിനിടെ കടുത്ത ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട അദ്ദേഹം വണ്ടി സുരക്ഷിതമായി റോഡരികിലേക്ക് ഒതുക്കി നിർത്തിയ ശേഷം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി വിവരം അറിയിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ കുഴഞ്ഞുവീണു.

ബുധനാഴ്ച‌ വൈകീട്ട് മൂന്നുമണിയോടെ കുന്നത്തേരി എസ്.എൻ.ഡി.പി റോഡിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം. കുഴഞ്ഞുവീണ ജോജു സാമുവലിനെ നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിൽ കുട്ടികൾക്കൊപ്പം ഒരു ആയയും ഉണ്ടായിരുന്നു. അപകടവിവരം ഇവർ ഉടൻ തന്നെ പ്രീ സ്കൂളിൽ അറിയിക്കുകയും, തുടർന്ന് സ്കൂളിൽ നിന്ന് മറ്റൊരു വാഹനം എത്തി കുട്ടികളെ സുരക്ഷിതമായി അവരുടെ വീടുകളിൽ എത്തിക്കുകയുമായിരുന്നു. ജോജു സാമുവലിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് വലിയൊരു അപകടം ഒഴിവായത്.

ഭാര്യ: മോളിക്കുട്ടി ജോജു. സഹോദരങ്ങൾ: ജെസി ടി. ഫിലിപ്പ് (ശാമുവൽ ടി. ഫിലിപ്പ്), ബ്ലെസി സാം (സാം ജേക്കബ്), വിജോയ് സാമുവൽ (ജെന്നി). സംസ്കാരം ശനിയാഴ്ച്‌ച ആലുവ യു.സി കോളേജിനടുത്തുള്ള ബ്രദറൺ സെമിത്തേരിയിൽ നടക്കും.

Also read: