04/09/2026
[fontresizer_tawhidurrahmandear_widget]

യാഷിനെ കാണാൻ തിക്കും തിരക്കും; ‘ടോക്സിക്’ പ്രമോഷൻ പരിപാടിക്കിടെ അപകടം, രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

 യാഷിനെ കാണാൻ തിക്കും തിരക്കും; ‘ടോക്സിക്’ പ്രമോഷൻ പരിപാടിക്കിടെ അപകടം, രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

ഹൈദരാബാദ്: നടൻ യാഷ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘ടോക്സിക്’ സിനിമാ പ്രൊമോഷൻ പരിപാടിക്കിടെ അപകടം. ലൈറ്റും സൗണ്ട് ബോക്‌സും സജ്ജീകരിച്ചിരുന്ന താൽക്കാലിക സംവിധാനം തകർന്നുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഹൈദരാബാദിലെ മല്ലാ റെഡ്‌ഡി യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ഒരു യുവതി കുഴഞ്ഞുവീഴുകയും ചെയ്തു.

വേദിയിൽ യാഷ് സംസാരിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് താരത്തെ കാണാനായി യൂണിവേഴ്‌സിറ്റിയിലെത്തിയത്. ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ചില വിദ്യാർഥികൾ ലൈറ്റുകളും സൗണ്ട് ബോക്‌സുകളും താങ്ങിനിർത്തിയിരുന്ന ഇരുമ്പ് ചട്ടക്കൂടിന് മുകളിൽ കയറിയിരുന്നു. ഭാരം താങ്ങാനാകാതെ ഈ സംവിധാനം തകർന്നു വീഴുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

അപകടം ശ്രദ്ധയിൽപ്പെട്ടതോടെ യാഷ് പ്രസംഗം നിർത്തിവെക്കുകയും സംഘാടകരോട് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സംഘാടകർ അറിയിച്ച ശേഷമാണ് അദ്ദേഹം പ്രസംഗം തുടർന്നത്. സുരക്ഷ കണക്കിലെടുത്ത് സമീപത്തെ കെട്ടിടങ്ങളിലും മറ്റ് താത്കാലിക നിർമിതികളിലും കയറിനിന്ന വിദ്യാർഥികളോട് താഴെയിറങ്ങാൻ താരം നിർദേശിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് പോലീസ് നേരത്തെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നെങ്കിലും വലിയ ജനക്കൂട്ടം സ്റ്റേജിന് സമീപം തടിച്ചുകൂടുകയായിരുന്നു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിലെത്തുന്നത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Also read: