04/09/2026
[fontresizer_tawhidurrahmandear_widget]

ബലാത്സംഗക്കേസ് പ്രതിക്ക് 5 വർഷത്തിനിടെ 17-ാമത് പരോൾ; ഗുർമീത് റാം റഹിം സിങ് ഇത്തവണ പുറത്തിറങ്ങിയത് 21 ദിവസത്തേക്ക്

 ബലാത്സംഗക്കേസ് പ്രതിക്ക് 5 വർഷത്തിനിടെ 17-ാമത് പരോൾ; ഗുർമീത് റാം റഹിം സിങ് ഇത്തവണ പുറത്തിറങ്ങിയത് 21 ദിവസത്തേക്ക്

ചണ്ഡീഗഢ്: ബലാത്സംഗക്കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും 21 ദിവസത്തെ പരോൾ അനുവദിച്ചു. ഈ വർഷം ഇത് മൂന്നാം തവണയാണ് ഇദ്ദേഹത്തിന് ഇളവ് ലഭിക്കുന്നത്. ഇന്ന് പുലർച്ചെ റോത്തക്കിലെ സുനാരിയ ഹൈ സെക്യൂരിറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗുർമീത്, ഹരിയാനയിലെ സിർസയിലുള്ള ഡെറാ ആസ്ഥാനത്തേക്ക് തിരിച്ചു.

2017 ആഗസ്റ്റ് മുതൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് റാം റഹിം. ജയിലിലായ ശേഷം ഇയാൾക്ക് ലഭിക്കുന്ന 17-ാം പരോളാണിത്. കഴിഞ്ഞ ജൂൺ 26-ന് 30 ദിവസത്തെ പരോൾ പൂർത്തിയാക്കി ജയിലിൽ തിരിച്ചെത്തി രണ്ട് മാസം തികയും മുമ്പാണ് പുതിയ തീരുമാനം. ഈ വർഷം ജനുവരിയിൽ 40 ദിവസവും മെയ് മാസത്തിൽ 30 ദിവസവും ഇയാൾക്ക് പരോൾ ലഭിച്ചിരുന്നു.

അതേസമയം, കൊലപാതകക്കേസുകളിൽ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട തടവുകാരന് തുടർച്ചയായി താൽക്കാലിക ഇളവുകൾ നൽകുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നിയമത്തിന്റെ തുല്യതയ്ക്ക് ഇത്തരം നടപടികൾ മങ്ങലേൽപ്പിക്കുന്നുവെന്ന് അഭിപ്രായമുയരുന്നുണ്ട്. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, ദേര സച്ചാ സൗദയുടെ രാഷ്ട്രീയ സ്വാധീനം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന വിലയിരുത്തലുകളും ശക്തമാണ്.

Also read: