04/09/2026
[fontresizer_tawhidurrahmandear_widget]

നടക്കും മുൻപേ നീന്തി ലുആൻ; 11-ാം മാസത്തിൽ നീന്തിത്തുടിച്ച് കുഞ്ഞുതാരം

 നടക്കും മുൻപേ നീന്തി ലുആൻ; 11-ാം മാസത്തിൽ നീന്തിത്തുടിച്ച് കുഞ്ഞുതാരം

കണ്ണൂർ: നടക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും വെള്ളത്തിൽ കൈയും കാലും ഇട്ടടിച്ച് നീന്തിക്കയറുകയാണ് 11 മാസം പ്രായമുള്ള ലുആൻ ആസ്ട്രിഡ് എന്ന കുഞ്ഞ്. കുളത്തിലും വെള്ളക്കെട്ടുകളിലും വീണുള്ള അപകടങ്ങൾ കേരളത്തിൽ പതിവാകുന്നതിനിടയിലാണ് ഏച്ചൂർ സ്വദേശികളായ ആദിപ്-ലക്ഷ്‌മിശ്രീ ദമ്പതികളുടെ മകനായ ലുആൻ നീന്തൽ രംഗത്ത് ശ്രദ്ധേയനാകുന്നത്.

സ്വിമ്മിങ് നെക്ക് റിങ്ങിന്റെ സഹായത്തോടെ പേടിയില്ലാതെ വെള്ളത്തിലൂടെ മുന്നേറുന്ന ലുആന് പിന്തുണയുമായി മുത്തച്ഛൻ വിലാസും മുത്തശ്ശി ശ്രീജയും ഒപ്പമുണ്ട്. വിദേശ രാജ്യങ്ങളിൽ ആറ് മാസം പ്രായമുള്ളപ്പോൾ തന്നെ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിൽ നിന്നാണ് കുഞ്ഞിനെ വെള്ളത്തിൽ ഇറക്കാനുള്ള പ്രചോദനം ലഭിച്ചതെന്ന് അമ്മ ലക്ഷ്മിശ്രീ പറഞ്ഞു.

തുടക്കത്തിൽ കുഞ്ഞിന്റെ കാൽ വെള്ളത്തിൽ മുട്ടിച്ചാണ് ഭയം മാറ്റിയെടുത്തത്. തുടര്‍ന്ന് കണ്ണൂരിലെ ‘സ്വിമ്മിങ് വേവ്സ് അക്വാട്ടിക് ക്ലബിൽ’ മൂന്ന് സ്വിമ്മിങ് ഇൻസ്ട്രക്ടർമാരുടെ മേൽനോട്ടത്തിലും നിർദേശങ്ങൾ പാലിച്ചുമായിരുന്നു പരിശീലനം. സാധാരണയായി കുഞ്ഞുങ്ങൾ കുളിക്കുമ്പോൾ കരയാറുണ്ടെങ്കിലും ലുആന് വെള്ളത്തോട് പേടിയില്ലായിരുന്നുവെന്ന് അമ്മ വ്യക്തമാക്കുന്നു.

എന്നാൽ, കുഞ്ഞിനെ ഇത്ര ചെറിയ പ്രായത്തിൽ വെള്ളത്തിലിറക്കുന്നതിനെതിരെ തുടക്കത്തിൽ എതിർപ്പുകളും വിമർശനങ്ങളും ഉയർന്നിരുന്നു. പലരും ഇപ്പോഴും ഭയത്തോടെയാണ് കുഞ്ഞിന്റെ നീന്തൽ വീഡിയോകൾ കാണുന്നത്. എന്നാൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണയോടെയാണ് മുന്നോട്ട് പോയതെന്ന് ലക്ഷ്മിശ്രീ പറയുന്നു.

കുട്ടികളുടെ പേടി മാറ്റി നിർത്താൻ ചെറുപ്പത്തിൽ തന്നെ നീന്തൽ പഠിപ്പിക്കണമെന്നാണ് ലക്ഷ്മിശ്രീയുടെ പക്ഷം. പ്രായം ഒരു വയസ്സ് തികയാൻ ഒരു മാസം ബാക്കിനിൽക്കെ, ലുആന്റെ നീന്തൽ വിശേഷങ്ങൾ ഇപ്പോൾ നാടിനാകെ അത്ഭുതമായി മാറിയിരിക്കുകയാണ്.

Also read: