04/09/2026
[fontresizer_tawhidurrahmandear_widget]

‘ഗുരുഗ്രാം ഇത്ര വളരുമെന്ന് ആരും കരുതിയില്ല; 2047 വരെ കാത്തിരിക്കൂ, എല്ലാം ശരിയാകും’: വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഗുരുഗ്രാമിനോട് ബിജെപി എംപി ധരംബീർ സിങ്

 ‘ഗുരുഗ്രാം ഇത്ര വളരുമെന്ന് ആരും കരുതിയില്ല; 2047 വരെ കാത്തിരിക്കൂ, എല്ലാം ശരിയാകും’: വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഗുരുഗ്രാമിനോട് ബിജെപി എംപി ധരംബീർ സിങ്

ഗുരുഗ്രാം: ചെറിയ മഴയിൽപ്പോലും റോഡുകൾ വെള്ളത്തിനടിയിലായി സ്തംഭിക്കുന്ന ‘മില്ലേനിയം സിറ്റി’യായ ഗുരുഗ്രാമിലെ ജനദുരിതത്തിന് വിചിത്ര ന്യായീകരണവുമായി ബിജെപി എംപി ധരംബീർ സിങ്. നഗരത്തിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും എപ്പോൾ പരിഹരിക്കപ്പെടുമെന്ന ചോദ്യത്തിന്, 2047 വരെയുള്ള മാസ്റ്റർപ്ലാൻ വരുന്നുണ്ടെന്നും അതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും അതുവരെ കാത്തിരിക്കാനുമായിരുന്നു ഹരിയാനയിലെ ഭിവാനി-മഹേന്ദർഗഡ് മണ്ഡലത്തിൽ നിന്നുള്ള എംപിയുടെ മറുപടി.

കനത്ത മഴയെ തുടർന്ന് സ്കൂൾ ബസുകൾ മണിക്കൂറുകളോളം വെള്ളക്കെട്ടിൽ കുടുങ്ങുകയും ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ നൽകേണ്ടിവരികയും ചെയ്ത അതീവ ദയനീയ സാഹചര്യത്തിലാണ് ജനപ്രതിനിധിയുടെ ഈ പ്രതികരണം. നഗരത്തിലെ തകർന്ന ഡ്രെയിനേജ് സംവിധാനത്തിനും ഭരണപരമായ വീഴ്ചകൾക്കും സർക്കാരിനെയൊഴികെ മറ്റെല്ലാറ്റിനെയും കുറ്റപ്പെടുത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

60 വർഷം മുമ്പ് തയ്യാറാക്കിയ പഴയ നഗര പ്ലാനാണ് ഇപ്പോഴത്തെ ദുരിതങ്ങൾക്ക് കാരണമെന്നും, ഗുരുഗ്രാം ഇത്രയധികം ജനസംഖ്യയും വാഹനങ്ങളുമായി വളരുമെന്ന് ആരും മുൻകൂട്ടി കണ്ടിരുന്നില്ലെന്നും എംപി വാദിച്ചു. പെട്ടെന്നുണ്ടാകുന്ന കനത്ത മഴയും അഴുക്കുചാലുകൾ കയ്യേറിയതിനാൽ അവ വീതികൂട്ടാൻ കഴിയാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിചിത്ര ന്യായീകരണം.

ഭരണകൂടം പരമാവധി ശ്രമിക്കുന്നുണ്ടെന്നും സർക്കാരിന് ഇതിൽ തെറ്റില്ലെന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ, വെള്ളക്കെട്ടിൽ നഗരം വലയുമ്പോൾ ജനപ്രതിനിധി നടത്തിയ നിരുത്തരവാദപരമായ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയയിലും പൊതുജനങ്ങൾക്കിടയിലും കടുത്ത രോഷമാണ് ഉയരുന്നത്.

Also read: