നിങ്ങൾ ദിവസവും ചെയ്യുന്ന ഈ 7 കാര്യങ്ങൾ നിശബ്ദമായി നിങ്ങളുടെ രക്തസമ്മർദ്ദം കൂട്ടുന്നുണ്ടെന്ന് അറിയാമോ?
ഒരു മോശം ഭക്ഷണമോ ഒരു ദിവസത്തെ മാനസിക സമ്മർദ്ദമോ കൊണ്ടല്ല സാധാരണയായി രക്തസമ്മർദ്ദം അഥവാ ബ്ലഡ് പ്രഷർ പെട്ടെന്ന് വർദ്ധിക്കുന്നത്. മറിച്ച്, വളരെ നിരുപദ്രവകരമെന്ന് നാം കരുതുന്ന പല ചെറിയ ശീലങ്ങളും മാസങ്ങളോളം തുടരുമ്പോഴാണ് രക്തസമ്മർദ്ദം സാവധാനം അപകടകരമായ രീതിയിൽ ഉയരുന്നത്.
ഭക്ഷണത്തിലെ അധിക ഉപ്പ്, കൂടുതൽ സമയമുള്ള ഇരിപ്പ്, മോശം ഉറക്കം, പതിവായുള്ള മദ്യപാനം, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, ചില മരുന്നുകളുടെ ഉപയോഗം, സാവധാനം വർദ്ധിക്കുന്ന ശരീരഭാരം എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്ന് ഫരീദാബാദ് അമൃത ഹോസ്പിറ്റലിലെ കാർഡിയോവാസ്കുലർ ആൻഡ് തൊറാസിക് സർജറി വിഭാഗം മേധാവിയായ ഡോ. സമീർ ഭട്ട് വ്യക്തമാക്കുന്നു.
ഉയർന്ന രക്തസമ്മർദ്ദത്തിന് വ്യക്തമായ ലക്ഷണങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല എന്നതാണ് ഇതിലെ ഏറ്റവും അപകടകരമായ കാര്യം. ഓരോ ദിവസവും നമ്മളെടുക്കുന്ന തീരുമാനങ്ങളോട് രക്തസമ്മർദ്ദം പ്രതികരിക്കുന്നുണ്ടെന്നും, ഈ ശീലങ്ങൾ ഒറ്റരാത്രികൊണ്ട് പ്രഷർ കൂട്ടിയില്ലെങ്കിലും കാലക്രമേണ ഹൃദ്രോഗ സാധ്യതകൾ നിശബ്ദമായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
1:അറിയാതെയുള്ള അമിതമായ ഉപ്പിന്റെ ഉപയോഗം
നാം പോലുമറിയാതെ ഭക്ഷണത്തിലൂടെ ധാരാളം ഉപ്പ് ശരീരത്തിലെത്തുന്നത് രക്തസമ്മർദ്ദം വേഗത്തിൽ വർദ്ധിപ്പിക്കും. നേരിട്ട് ഉപയോഗിക്കുന്ന ഉപ്പിനേക്കാൾ ഉപരിയായി അച്ചാറുകൾ, പപ്പടം, ബ്രെഡ്, സോസുകൾ, പാക്കറ്റ് ഭക്ഷണങ്ങൾ, റെസ്റ്റോറന്റ് ഭക്ഷണങ്ങൾ എന്നിവയിലൂടെ വലിയ അളവിൽ സോഡിയം ഉള്ളിലെത്തുന്നുണ്ട്. 50 മുതൽ 75 വയസ്സുവരെയുള്ള 213 പേരിൽ 2023-ൽ നടന്ന ജാമ പഠനം വ്യക്തമാക്കുന്നത്, സോഡിയം കുറഞ്ഞ ഭക്ഷണം ശീലമാക്കുന്നത് വെറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സിസ്റ്റോളിക് രക്തസമ്മർദ്ദം ഏകദേശം 6 മില്ലിമീറ്റർ മെർക്കുറി (6 mmHg) വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ്. പ്രമേഹം, വൃക്കരോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ളവർ ഇത്തരം ഭക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
2:കൂടുതൽ സമയവും ഇരുന്നുള്ള ജീവിതശൈലി
ഇതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വ്യായാമമില്ലായ്മയും ഇരുന്നുള്ള ജീവിതശൈലിയും. രാവിലെ ഒരു വ്യായാമം ചെയ്തതുകൊണ്ട് മാത്രം ബാക്കി 8 മുതൽ 10 മണിക്കൂർ വരെ തുടർച്ചയായി ഇരിക്കുന്നതിന്റെ ദോഷം മാറില്ല. നീണ്ട നേരത്തെ ഇരിപ്പ് ശരീരഭാരം വർദ്ധിപ്പിക്കാനും മെറ്റബോളിസത്തെയും രക്തക്കുഴലുകളുടെ ആരോഗ്യത്തെയും ബാധിക്കാനും കാരണമാകും. ഇതിനൊരു പരിഹാരമായി, ഫോണിൽ സംസാരിക്കുമ്പോഴോ ജോലികൾക്കിടയിലോ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് ശീലമാക്കാവുന്നതാണ്.
3:സമ്മർദ്ദം കുറയ്ക്കാൻ മദ്യപിക്കുന്നത്
മാനസിക സമ്മർദ്ദം കുറയ്ക്കാനായി മദ്യപിക്കുന്ന ശീലവും ഒഴിവാക്കേണ്ടതാണ്. മദ്യപാനം ഹൃദയത്തിന് നല്ലതാണെന്ന ധാരണ തന്നെ തെറ്റാണെന്നും, ഇത് രക്തസമ്മർദ്ദം ഉയർത്തുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മദ്യപാനം പൂർണ്ണമായും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് എൻ.എച്ച്.എൽ.ബി.ഐ നിർദ്ദേശിക്കുന്നു.
4:ഉറക്കത്തിന് പ്രാധാന്യം നൽകാതിരിക്കുന്നത്
ഉറക്കത്തിന് വേണ്ടത്ര പ്രാധാന്യം നൽകാത്തതും വലിയൊരു പ്രശ്നമാണ്. രാത്രി വൈകിയുള്ള ഫോൺ ഉപയോഗവും ജോലിത്തിരക്കും മൂലം ഉറക്കം കുറയുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഉറങ്ങുമ്പോൾ ശ്വാസം നിലച്ചുപോകുന്ന സ്ലീപ് അപ്നിയ എന്ന അവസ്ഥ ഉയർന്ന രക്തസമ്മർദ്ദവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കത്തിലെ വലിയ കൂർക്കംവലിയും ശ്വാസംമുട്ടലും പകൽ സമയത്തെ അമിതമായ ക്ഷീണവും വെറുമൊരു മോശം ഉറക്കമായി മാത്രം കണക്കാക്കരുത്. എപ്പോഴും ധൃതിപിടിച്ചും മാനസിക സമ്മർദ്ദത്തോടെയുമുള്ള ജീവിതവും രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.
5:നിരന്തരമുള്ള മാനസിക സമ്മർദ്ദം
നിരന്തരം സ്ട്രെസ്സ് അനുഭവിക്കുമ്പോൾ ശരീരത്തിലെ അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ ഉയർന്ന നിലയിലാവുകയും അത് ഉറക്കത്തെയും ഭക്ഷണശീലങ്ങളെയും ബാധിക്കുകയും ചെയ്യും. സമ്മർദ്ദം കാരണം അമിതമായി ഭക്ഷണം കഴിക്കുന്നതും വ്യായാമമില്ലായ്മയും സ്ഥിതി കൂടുതൽ വഷളാക്കുന്നു.
6:കുറിപ്പടിയില്ലാതെ മരുന്നുകൾ കഴിക്കുന്നത്
ഡോക്ടറുടെ കുറിപ്പടിയില്ലാതെ നേരിട്ട് വാങ്ങുന്ന മരുന്നുകളും വില്ലനാകാറുണ്ട്. മൂക്കടപ്പിനുള്ള ചില മരുന്നുകളും ഐബുപ്രോഫെൻ പോലുള്ള വേദനസംഹാരികളും രക്തസമ്മർദ്ദം ഉയർത്താൻ കാരണമാകും. മൂക്കടപ്പിനുള്ള ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിന് മുൻപ് രക്തസമ്മർദ്ദമുള്ളവർ ഡോക്ടറുടെ ഉപദേശം തേടണമെന്ന് യു.എസ് എഫ്.ഡി.എ പ്രത്യേകം മുന്നറിയിപ്പ് നൽകുന്നുണ്ട്.
7:ശരീരഭാരം വർദ്ധിക്കുന്നത് അവഗണിക്കുന്നത്
സാവധാനം കൂടുന്ന ശരീരഭാരം ശ്രദ്ധിക്കാതെ വിടുന്നതാണ് മറ്റൊരു അപകടം. ശരീരഭാരത്തിന്റെ 3 മുതൽ 5 ശതമാനം വരെ കുറയ്ക്കുന്നത് രക്തസമ്മർദ്ദം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും, 5 മുതൽ 10 ശതമാനം വരെ കുറയ്ക്കുന്നത് മറ്റ് പല ആരോഗ്യ ഗുണങ്ങളും നൽകുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
രക്തസമ്മർദ്ദം, വൃക്കരോഗം, പ്രമേഹം, അമിതവണ്ണം, സ്ലീപ് അപ്നിയ എന്നിവയ്ക്ക് കുടുംബത്തിൽ പാരമ്പര്യമുള്ളവർ ഇത്തരം ശീലങ്ങളെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രായമായവരിൽ ഉപ്പിന്റെ ഉപയോഗം വേഗത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഉയർന്ന രക്തസമ്മർദ്ദം വർഷങ്ങളോളം യാതൊരു ലക്ഷണങ്ങളുമില്ലാതെ തുടരാമെന്നതിനാൽ അസുഖം വരുന്നത് വരെ കാത്തിരിക്കരുത്. ഇടവിട്ടുള്ള പരിശോധനകളിൽ രക്തസമ്മർദ്ദം സ്ഥിരമായി 140/90 mmHg പരിധിയിലോ അതിനുമുകളിലോ ആണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടതാണ്. ഉപ്പ് കൂടുതലുള്ള പാക്കറ്റ് ഭക്ഷണങ്ങൾ കുറയ്ക്കുക, കൂടുതൽ സമയം എഴുന്നേറ്റ് നടക്കുക, ഉറക്കം സംരക്ഷിക്കുക, മദ്യപാനം നിയന്ത്രിക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങൾ ജീവിതത്തിൽ വലിയ ഗുണങ്ങൾ കൊണ്ടുവരും. ഒറ്റരാത്രികൊണ്ട് ഒരു മികച്ച ദിനചര്യ സൃഷ്ടിക്കുക എന്നതല്ല, മറിച്ച് നമ്മളറിയാതെ ജീവിതത്തിന്റെ ഭാഗമായ ഇത്തരം അനാരോഗ്യകരമായ ശീലങ്ങൾ തിരിച്ചറിഞ്ഞ് അവ വലിയൊരു ഹൃദ്രോഗമായി മാറുന്നതിന് മുൻപ് തിരുത്തുക എന്നതാണ് പ്രധാനമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.