ഗോസിപ്പുകൾക്കും അതീതമായ സ്നേഹം; ‘എന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരൻ’; മുഹമ്മദ് സിറാജിന് രാഖി കെട്ടി ആശാ ഭോസ്ലെയുടെ കൊച്ചുമകൾ സനായി ഭോസ്ലെ
ന്യൂഡൽഹി: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെയുടെ കൊച്ചുമകൾ സനായി ഭോസ്ലെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന് രാഖി കെട്ടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിറാജിനെ തന്റെ മൂത്ത സഹോദരനായി കാണുന്ന സനായി, രക്ഷാബന്ധൻ ദിനത്തിൽ തങ്ങൾ തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഒരു ഹൃദ്യമായ കുറിപ്പും ചിത്രവും ആരാധകരുമായി പങ്കുവെച്ചു.
ഓഗസ്റ്റ് 29-ന് ഇൻസ്റ്റാഗ്രാമിലൂടെയാണ് സനായി സിറാജിന് രാഖി കെട്ടിക്കൊടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. 2025-ലെ രക്ഷാബന്ധൻ ആഘോഷങ്ങളിൽ നിന്നുള്ളതാണ് ഈ ചിത്രമെന്നാണ് കരുതപ്പെടുന്നത്. “ഈ ബന്ധം തിരഞ്ഞെടുത്ത ആ സഹോദരന് സന്തോഷകരമായ രാഖി ആശംസകൾ. ഒരു സ്വാഭാവിക സംരക്ഷകനും എന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ഇത്രയും നല്ലൊരു സഹോദരനെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്” എന്ന് സനായി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
മുൻപ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ഇവർ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ അത്തരം വാർത്തകളെ അന്ന് തന്നെ തള്ളിക്കളഞ്ഞ സനായി , സിറാജ് തന്റെ ‘ഏറ്റവും പ്രിയപ്പെട്ട സഹോദരനാണെന്നും’ തങ്ങൾ തമ്മിലുള്ളത് സഹോദരബന്ധം മാത്രമാണെന്നും വ്യക്തമാക്കിയിരുന്നു. സിറാജും സനായിയെ തന്റെ സ്വന്തം സഹോദരിയായാണ് അംഗീകരിച്ചിട്ടുള്ളത്. “എന്റെ സഹോദരിയെപ്പോലെ മറ്റാരുമില്ല, അവളില്ലാതെ എനിക്ക് എവിടെയും നിൽക്കാനാകില്ല. നക്ഷത്രങ്ങൾക്കിടയിലെ ചന്ദ്രനെപ്പോലെ ആയിരങ്ങളിൽ ഒരാളാണ് എന്റെ സഹോദരി” എന്ന വൈകാരികമായ ഒരു മറുപടിയാണ് അന്ന് സിറാജ് നൽകിയത്. ഇരുവരും തങ്ങളുടെ സഹോദരസ്നേഹം പരസ്യമായി പ്രകടിപ്പിച്ചതോടെ പ്രണയ വാർത്തകൾക്ക് പൂർണ്ണമായും വിരാമമാവുകയും ചെയ്തു.
സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും പൊതുചടങ്ങുകൾക്കും അപ്പുറമുള്ള ഇവരുടെ ആത്മബന്ധം സനൈയുടെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഒരു ഘട്ടത്തിലും പ്രകടമായിരുന്നു. സനൈയുടെ മുത്തശ്ശിയും ഇതിഹാസ ഗായികയുമായ ആശാ ഭോസ്ലെ 2026 ഏപ്രിലിൽ അന്തരിച്ചപ്പോൾ, അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനുമായി സിറാജ് മുംബൈയിൽ എത്തിയിരുന്നു. അന്ന് ഏറെ വൈകാരികമായി തളർന്നുപോയ സനായിയെ ആശ്വസിപ്പിച്ചുകൊണ്ട് സിറാജ് ഒപ്പം നിൽക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുടുംബത്തിന്റെ ഈ വലിയ ദുഃഖസമയത്ത് സിറാജ് നൽകിയ പിന്തുണ ഇരുവരും തമ്മിലുള്ള യഥാർത്ഥ സ്നേഹബന്ധത്തിന്റെ മറ്റൊരു നേർക്കാഴ്ച കൂടിയാണ് നൽകിയത്.