യുവതി കുളിക്കുന്ന ദൃശ്യം പകർത്തി, ഫ്ലാഷ് ഓണായി കുടുങ്ങി; എസ്എഫ്ഐ നേതാവിന് നിസാര വകുപ്പിൽ ജാമ്യം
കണ്ണൂർ: വീട്ടിനുള്ളിൽ കുളിക്കുകയായിരുന്ന യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. എന്നാൽ പ്രതിക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയച്ചതായി യുവതി ആരോപിച്ചു.
ഓഗസ്റ്റ് 20-നാണ് കേസിനാസ്പദമായ സംഭവം. ശുചിമുറിയുടെ വിടവിലൂടെ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ ക്യാമറ ഫ്ലാഷ് ഓണായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് യുവതി ബഹളം വയ്ക്കുകയും പ്രതി ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങൾ മായ്ച്ചുകളയുകയും ചെയ്തു. പ്രതിയുടെ ഫോണിൽ മറ്റ് പല സ്ത്രീകളുടെയും ദൃശ്യങ്ങൾ ഉള്ളതായി ആരോപണമുണ്ട്.
പ്രാദേശിക പൊലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. പരാതി തുടർനടപടികൾക്കായി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.