02/09/2026
[fontresizer_tawhidurrahmandear_widget]

‘ടൂർ പ്ലാനിൽ ഇല്ലാതിരുന്ന ആ 30 മിനിറ്റാണ് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്’; നേപ്പാളിലെ ദുരന്തമുഖത്തു നിന്ന് കാസർകോടുകാരുടെ മടങ്ങിവരവ്

 ‘ടൂർ പ്ലാനിൽ ഇല്ലാതിരുന്ന ആ 30 മിനിറ്റാണ് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്’; നേപ്പാളിലെ ദുരന്തമുഖത്തു നിന്ന് കാസർകോടുകാരുടെ മടങ്ങിവരവ്

കാഞ്ഞങ്ങാട്: “സത്യത്തിൽ ടൂർ പ്ലാനിൽ ഇല്ലാതിരുന്ന ആ 30 മിനിറ്റാണ് ഞങ്ങളുടെ ജീവൻ തിരികെ തന്നത്…” കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കാലുകുത്തുമ്പോൾ, കാസർകോട് സ്വദേശികളായ ആ അഞ്ചുപേരുടെയും മനസ്സിൽ മരണമുഖത്തു നിന്നുള്ള മടങ്ങിവരവിന്റെ ആശ്വാസത്തിനൊപ്പം മാറാത്ത നടുക്കവുമുണ്ടായിരുന്നു.

എറണാകുളത്തെ ട്രാവൽ ഏജൻസി വഴി ആഗസ്റ്റ് 23-നാണ് 36 അംഗ മലയാളി സംഘം നേപ്പാളിലേക്ക് യാത്ര പോയത്. കാഠ്മണ്ഡുവിൽ നിന്ന് പൊഖാരയിലേക്കുള്ള യാത്രയ്ക്കിടെ പ്രകൃതി രൗദ്രഭാവം പൂണ്ടപ്പോൾ, ഡ്രൈവറുടെ നിർദേശപ്രകാരം കാഠ്മണ്ഡുവിന് അടുത്തുള്ള ഒരു ബുദ്ധക്ഷേത്രത്തിൽ ചെലവഴിച്ച അരമണിക്കൂറാണ് ഈ സംഘത്തെ ദുരന്തത്തിൽ നിന്ന് അകറ്റിനിർത്തിയത്.

പ്രളയത്തിന്റെ വ്യാപ്തിയെക്കുറിച്ച് സംഘാംഗങ്ങൾക്ക് തുടക്കത്തിൽ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. “പ്രദേശവാസികൾ കാര്യങ്ങൾ സാധാരണമാണെന്ന് പറഞ്ഞെങ്കിലും നിമിഷങ്ങൾക്കുള്ളിൽ കൺമുന്നിലെ കാഴ്ചകൾ മാറിമറിഞ്ഞു. കെട്ടിട അവശിഷ്ടങ്ങളും വലിയ വാഹനങ്ങളും വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി,” അവർ ഓർത്തെടുക്കുന്നു. മൊബൈൽ നെറ്റ്‌വർക്ക് പോലും നഷ്ടപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങളായിരുന്നു അത്.

ശനിയാഴ്ച വൈകിട്ട് ഗോരഖ്പുർ വിമാനത്താവളത്തിൽ നിന്നും ബെംഗളൂരുവിലെത്തിയ സംഘം, അവിടെ നിന്നാണ് ട്രെയിൻ മാർഗ്ഗം കാഞ്ഞങ്ങാട്ടേക്ക് തിരിച്ചത്. ചെറുവത്തൂർ സ്വദേശിയും പെരിയ പോളിടെക്നിക് അധ്യാപകനുമായ രാജൻ, അധ്യാപകൻ അനിൽ നീലാംബരി, റിട്ട. എസ്ഐ പ്രദീപ് കുമാർ, റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ കരുണാകരൻ, മുഴക്കോത്തെ രാജീവൻ എന്നിവരാണ് ഇന്നലെ രാവിലെ നാടണഞ്ഞത്.

മുന്നിൽ പോയ മറ്റ് വാഹനങ്ങൾക്ക് എന്തു സംഭവിച്ചു എന്നറിയില്ലെങ്കിലും, വലിയൊരു ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളോടെ അവർ ഇന്ന് വീടുകളിലേക്ക് മടങ്ങി.

Also read: