ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്; മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായി;പൈലറ്റ് ലഹരി ഉപയോഗിച്ചതായി പരിശോധനാഫലം
ന്യൂഡൽഹി: കഴിഞ്ഞ മാസം ഫുക്കറ്റിൽ നിന്നും ന്യൂഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ എ.ഐ 2379 എയർബസ് എ320 നിയോ വിമാനത്തിലുണ്ടായ അപകടത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 145 പേരുമായി 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വെറും അഞ്ച് സെക്കൻഡിന്റെ വ്യത്യാസത്തിൽ വിമാനത്തിന്റെ മൂന്ന് പ്രധാന ഹൈഡ്രോളിക് സംവിധാനങ്ങളും (ഗ്രീൻ, ബ്ലൂ, യെല്ലോ) ഒരേസമയം തകരാറിലാകുകയായിരുന്നു. ഇതോടെ ഓട്ടോപൈലറ്റ് സംവിധാനം തനിയെ വിച്ഛേദിക്കപ്പെടുകയും കോക്പിറ്റിൽ തുടർച്ചയായി അപായമണി മുഴങ്ങുകയും ചെയ്തു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം പൊടുന്നനെ 372 അടി മുകളിലേക്ക് കുതിച്ചുയരുകയും തൊട്ടടുത്ത നിമിഷം 292 അടി താഴേക്ക് കുത്തനെ പതിക്കുകയും ചെയ്തു.
വിമാനം സുരക്ഷിത ഉയരത്തിലായിരുന്നതിനാൽ ഈ സമയം സീറ്റ് ബെൽറ്റ് സൈൻ ഓഫായിരുന്നു. അതിനാൽ വിമാനം പെട്ടെന്ന് ആടിയുലഞ്ഞതോടെ യാത്രക്കാരും ജീവനക്കാരും സീറ്റുകളിൽ നിന്നും ക്യാബിനകത്ത് തെറിച്ചുവീണു. ഇരുപത് യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും ഉൾപ്പെടെ 24 പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ തെറിച്ചുവീണ ആഘാതത്തിൽ വിമാനത്തിന്റെ സീലിംഗ് പാനലുകൾ, ഓവർഹെഡ് ബിന്നുകൾ, എമർജൻസി എക്സിറ്റ് ഹാൻഡിൽ, ജീവനക്കാരുടെ ഇരിപ്പിടങ്ങൾ, ശൗചാലയം എന്നിവയ്ക്ക് വലിയ കേടുപാടുകൾ സംഭവിച്ചു.
അപകടമുണ്ടായ ഉടൻ തന്നെ ആദ്യം കോ-പൈലറ്റും തുടർന്ന് മുഖ്യ പൈലറ്റും ഇടപെട്ട് ഹൈഡ്രോളിക് സംവിധാനങ്ങൾ പുനഃസ്ഥാപിച്ച് വിമാനം നിയന്ത്രണത്തിലാക്കിയിരുന്നു. ഇത്രയും വലിയൊരു അപകടം നടന്നിട്ടും തൊട്ടടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കാതെ ഡൽഹിയിലേക്ക് തന്നെ വിമാനം പറത്താനാണ് ഇവർ തീരുമാനിച്ചത്. എന്നാൽ ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം പൈലറ്റുമാരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗുരുതരമായ മറ്റൊരു സുരക്ഷാ വീഴ്ച കൂടി പുറത്തുവരുന്നത്. ശ്വാസപരിശോധനയിൽ ഇരുവരും മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായെങ്കിലും, തുടർന്ന് നടത്തിയ രക്തപരിശോധനയിൽ മുഖ്യ പൈലറ്റ് ലഹരി (സൈക്കോ ആക്ടീവ് സബ്സ്റ്റൻസ്) ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.
കോ-പൈലറ്റിന്റെ ഫലം നെഗറ്റീവായിരുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. പൈലറ്റിന്റെ ലഹരി ഉപയോഗമാണോ ഹൈഡ്രോളിക് തകരാറിന് കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ലെങ്കിലും, ഇത്രയും ആളുകളുടെ ജീവൻ വെച്ച് വിമാനം പറത്തുമ്പോൾ ലഹരി ഉപയോഗിച്ചത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് അന്വേഷണ സമിതി ചൂണ്ടിക്കാട്ടി. മുഖ്യ പൈലറ്റിനെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (ഡി.ജി.സി.എ) ശുപാർശ ചെയ്തിട്ടുണ്ട്. ഫ്രാൻസിലെ ഏവിയേഷൻ സേഫ്റ്റി ബ്യൂറോയുടെയും വിമാന നിർമ്മാതാക്കളായ എയർബസിന്റെയും സാങ്കേതിക വിദഗ്ദ്ധർ നേരിട്ടെത്തി വിമാനത്തിൽ പരിശോധനകൾ നടത്തുന്നുണ്ട്. കോക്പിറ്റ് വോയ്സ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും വീണ്ടെടുത്തിട്ടുണ്ടെന്നും വിശദമായ അന്തിമ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും അധികൃതർ അറിയിച്ചു.