‘ബംഗാളിൽ ഒരു വർഷത്തിനുള്ളിൽ 1000 ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകൾ ആരംഭിക്കും; വന്ദേമാതരം പാടാത്ത സ്‌കൂളുകൾക്കുള്ള സഹായം നിർത്തും’; പ്രഖ്യാപനവുമായി സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നിയന്ത്രണത്തിലുള്ള 1000 സ്‌കൂളുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. വിദ്യാഭാരതിയുടെ 74-ാം വാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദേശീയതയിലൂന്നിയുള്ള പഠനം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും, തൃണമൂൽ കോൺഗ്രസ് സർക്കാർ വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും മലിനപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അതിനാൽ ഈ മേഖലയിലെ പുതിയ ഉത്തരവാദിത്തങ്ങൾ ഇനിമുതൽ വിദ്യാഭാരതി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ് എന്നീ ജില്ലകളിൽ വിദ്യാഭാരതി കൂടുതൽ സ്‌കൂളുകൾ തുടങ്ങാൻ മുൻകൈ എടുക്കണമെന്നും സുവേന്ദു അധികാരി നിർദേശിച്ചു.
വിദ്യാഭ്യാസ വകുപ്പിൽ ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു നേതാവ്’ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കാൻ തയ്യാറാകാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സർക്കാർ സഹായം പൂർണ്ണമായും നിർത്തിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വന്ദേമാതരം പാടുമ്പോൾ വെറുതെ എഴുന്നേറ്റ് നിന്നാൽ മാത്രം പോരെന്നും, ചുണ്ടുകൾ ചലിപ്പിച്ച് ഗാനം മുഴുവനായും ആലപിക്കണമെന്നും അദ്ദേഹം കർശന നിർദേശം നൽകി. ഇതിന് പുറമെ, സംസ്ഥാനത്തെ മറ്റ് എല്ലാ സർവകലാശാലകളുടെയും ഭരണച്ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പിനായിരിക്കെ, ആലിയ സർവകലാശാലയുടെ മാത്രം ചുമതല ന്യൂനപക്ഷകാര്യ വകുപ്പിന് കീഴിലായിരിക്കുന്ന നിലവിലെ സംവിധാനം തുടർന്നും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.