‘കടം കൊടുത്ത പണമാണ് തിരികെ വാങ്ങിയത്, എന്നെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആരോപണങ്ങൾക്ക് പിന്നിൽ’: ചാരിറ്റി തട്ടിപ്പ് വിവാദത്തിൽ പ്രതികരണവുമായി യൂട്യൂബർ ‘മല്ലുബോയ്സ്’
തിരുവനന്തപുരം: ചാരിറ്റി വീഡിയോ ചെയ്ത് നൽകിയ രോഗിയിൽ നിന്നും പണം വാങ്ങി എന്ന ആരോപണത്തിൽ പ്രതികരണവുമായി വ്ലോഗർ ‘മല്ലുബോയ്സ്’. ആരോപണം ഉന്നയിച്ച സ്ത്രീക്കായി എട്ട് തവണ വീഡിയോ ചെയ്തിരുന്നുവെന്നും മുമ്പ് കടമായി നൽകിയ തുകയാണ് തിരികെ വാങ്ങിയതെന്നുമാണ് വ്ലോഗറുടെ വിശദീകരണം. തന്നോട് കുറെ നാളുകളായി ശത്രുതയുള്ളവരാണ് തന്നെ തകർക്കാൻ ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തിരുവനന്തപുരം സ്വദേശിയും ക്യാൻസർ രോഗിയുമായ ഷൈനി എന്ന യുവതിയാണ് യൂട്യൂബർക്കെതിരെ ആരോപണമുന്നയിച്ചത്.
ഒരു വർഷം മുൻപ് ഇവരുടെ മകളുടെ അഭ്യർത്ഥന മാനിച്ചാണ് ആദ്യ വീഡിയോ ചെയ്തത്. 2025 മുതൽ കഴിഞ്ഞ ആഴ്ച വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചാൽ 15 ലക്ഷത്തിലധികം രൂപ ഇവർക്ക് സഹായമായി ലഭിച്ചതായി കാണാം. വീട് വെയ്ക്കാനായി സുഹൃത്തുക്കളിൽ നിന്ന് വാങ്ങി നൽകിയ 1.80 ലക്ഷം രൂപ മാത്രമാണ് തിരികെ വാങ്ങിയതെന്നും മല്ലുബോയ്സ് വീഡിയോയിലൂടെ പറഞ്ഞു. തനിക്കെതിരെ വരുന്ന ഭീഷണി സന്ദേശങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, വീഡിയോയിലൂടെ ലഭിച്ച തുകയിൽ നിന്നും പലതവണകളായി ഗൂഗിൾ പേ വഴിയും നേരിട്ടും 2.80 ലക്ഷം രൂപയോളം വ്ലോഗർ കൈപ്പറ്റിയെന്നാണ് ഷൈനിയുടെ പരാതി. നയന മോഹൻ എന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണ് ഗൂഗിൾ പേ ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള വീഡിയോ പുറത്തുവിട്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചത്.