‘ട്രിപ്പിൾ എൻജിൻ ഉണ്ടായിട്ടും നിസ്സഹായാവസ്ഥ, ഒന്നിനും ഉത്തരവാദിത്വവും ആത്മാർത്ഥതയുമില്ല’; ഡൽഹി കെട്ടിട ദുരന്തത്തിൽ മോദിക്കും സർക്കാറിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില സ്വകാര്യ ഹോസ്റ്റൽ തകർന്ന് ഏഴുപേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഇത്തരം ദുരന്തങ്ങൾ തടയുന്നതിലും യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കുന്നതിലും സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. അപകടങ്ങൾക്ക് മുൻപ് യാതൊരുവിധ മുൻകരുതലുകളും സ്വീകരിക്കാതിരിക്കുകയും, എന്നാൽ ദുരന്തങ്ങൾക്ക് ശേഷം വലിയ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതാണ് ബിജെപി സർക്കാരിന്റെ സ്ഥിരം രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഓരോ തവണയും തികച്ചും ലജ്ജാകരമായ ഒരേ നടപടിക്രമമാണ് ബിജെപി സർക്കാർ പിന്തുടരുന്നതെന്ന് രാഹുൽ എക്‌സിൽ കുറിച്ചു. അപകടങ്ങൾക്ക് മുൻപ് പ്രതിരോധ നടപടികളൊന്നുമില്ല. യഥാർത്ഥ കുറ്റവാളികൾ എളുപ്പത്തിൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുമ്പോൾ, താഴെത്തട്ടിലുള്ള ഏതാനും ഉദ്യോഗസ്ഥരുടെ മേൽ കുറ്റം ചുമത്തി സർക്കാർ മുഖം രക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യനികേതനിൽ വിദ്യാർഥികൾ തിങ്ങിപ്പാർത്തിരുന്ന കെട്ടിടം തകർന്നുവീണ സംഭവം ഒരു ഒറ്റപ്പെട്ട ദുരന്തമല്ല. കഴിഞ്ഞ നാല് മാസത്തിനിടെ സെയ്‌ദുലാജാബിലുണ്ടായ സമാനമായ കെട്ടിട ദുരന്തത്തിൽ ആറുപേർ മരിക്കുകയും, ഹൗസ് റാണിയിലുണ്ടായ തീപിടുത്തത്തിൽ 22 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു. ഓരോ തവണയും മനുഷ്യജീവനുകളും അവരുടെ സ്വപ്‌നങ്ങളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഞെരിഞ്ഞമരുകയാണ്. എന്നാൽ, അധികാരികളുടെ ഭാഗത്തുനിന്നും ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
ഇത്തരം സംഭവങ്ങളിൽ സർക്കാരിനോട് ഉത്തരവാദിത്വം ആവശ്യപ്പെടുന്നവരെ പ്രധാനമന്ത്രി മോദി നേരിട്ട് ‘മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ട നക്‌സലുകൾ’ (ദിമാഗി നക്സലുകൾ) എന്നും ‘മുരടനായ അമ്മാവൻ’ എന്നും വിളിച്ച് അധിക്ഷേപിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടുന്ന ആരെയും നാണംകെടുത്തി നിശബ്ദരാക്കാനാണ് ഇത്തരം വിശേഷണങ്ങളിലൂടെ സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ 12 വർഷമായി, ലോകത്തെക്കുറിച്ചുള്ള വലിയ വർത്തമാനങ്ങൾ പറഞ്ഞ് ഈ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ഒരിക്കലും ശ്രദ്ധ തിരിച്ചില്ല. ഡൽഹിയിൽ കേന്ദ്രം, കോർപ്പറേഷൻ തുടങ്ങിയവ ഉൾപ്പെടുന്ന ‘ട്രിപ്പിൾ എൻജിൻ’ സർക്കാരുള്ളപ്പോൾ ഇപ്പോഴത്തെ ഈ നിസ്സഹായാവസ്ഥയ്ക്ക് എന്ത് ന്യായീകരണമാണുള്ളതെന്നും രാഹുൽ ചോദിച്ചു. ഈ നിസ്സഹായാവസ്ഥയ്ക്ക് കാരണം സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്‌മയാണെന്നും, ആത്മാർത്ഥത ഇല്ലാത്തൊരിടത്ത് ഒരിക്കലും ഉത്തരവാദിത്വം ഉണ്ടാകില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.